മീടു ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഇന്ത്യന്‍ സിനിമാലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. നിരവധി പൊയ്മുഖങ്ങളാണ് മീടു ക്യാമ്പെയ്നിലൂടെ അഴിഞ്ഞു വീണത്. എന്നാല്‍ ഇതിനു ബദലായി പുരുഷന്മാര്ക്കു വേണ്ടി ആരംഭിച്ച മെന്ടു എന്ന ക്യാമ്പയ്നാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
2017ല്‍ ഹോളിവുഡില്‍നിന്നു തുടങ്ങിയ മീടൂ തരംഗം ലോകവ്യാപകമായി നിരവധി ആളുകളെ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി ആയിരുന്ന എം.ജെ.അക്ബറിനു രാജിവയ്ക്കേണ്ടി വന്നത് ഉദാഹരണം. ക്യാംപെയ്ന് മലയാള സിനിമയിലും ഏറെ ഒച്ചപ്പാടുകളുണ്ടാക്കി, തുറന്നുപറച്ചിലൂടെ പുരുഷനെയും കെണിയിലാക്കാവുന്ന നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രശസ്ത ടിവി താരം കരണ്‍ ഒബ്റോയിയെ പീഡനകേസില്‍ അറസ്റ്റു ചെയ്തതിനെതിരെ കഴിഞ്ഞദിവസം നിരവധി പേര് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചു.
ഇതിന്റെ തുടര്‍ച്ചയായാണു ഹിന്ദി ടെലിവിഷന്‍ മേഖലയിലേക്കും പ്രചരിച്ചു തുടങ്ങിയ മെന്‍ടൂ പ്രസ്ഥാനം. പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനല്‍ കമ്മിഷന് ഫോര്‍ വിമെന്‍ (എന്‍സിഡബ്ല്യു) എന്നതുപോലെ നാഷനല്‍ കമ്മിഷന് ഫോര്‍ മെന്‍ സ്ഥാപിക്കണമെന്നും മെന്‍ടൂ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പുരിഷ് ആയോഗ് സ്ഥാപക ബര്‍ക്ക ട്രെഹാന്‍ ആണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. പുരുഷന്മാരുടെ 50 സംഘടനകളും ബര്‍ക്ക ട്രെഹാനൊപ്പുണ്ട്. റാഞ്ചി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അസോ. പ്രഫസര്‍ ആനന്ദ് കുമാര്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ നാഷനല്‍ കമ്മിഷന് ഫോര്‍ വുമെന് മാറ്റി ലിംഗസമത്വം ഉറപ്പാക്കുന്ന കമ്മിഷന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പുരുഷന്മാരുടെ അവകാശങ്ങള്‍ക്കുവേണ്ടി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തവ് ഫൗണ്ടേഷന്റെ സ്ഥാപകനായ അമിത് ദേശ്പാണ്ടെയും ഈ ആവശ്യവുമായി രംഗത്തുണ്ട്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീടു പീഡനമായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പീഡന പരാതികളില്‍ 74% പേര്‍ക്കും കുറ്റവിമോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും ആ മനുഷ്യന്റെ അന്തസ്സ് നഷ്ടപ്പെട്ടിരിക്കും. ഇത്തരത്തില്‍ അപമാനത്തില്പ്പെട്ട് മനസ്സു തകര്‍ന്ന നിരവധി ആളുകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. സ്ത്രീകള്‍ പുരുഷനെ ഉപദ്രവിക്കാറില്ലെന്നതു തോന്നല്‍ മാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്റെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. മീടൂ വിവാദങ്ങളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെന്നും ബര്‍ക്ക ട്രെഹാന്‍ പറയുന്നു.