ഒരുകാലത്ത് മലയാളം സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകന്‍ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പോലും പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മേനക വിവാഹം ചെയ്തത് പ്രമുഖ നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു.
ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേനക.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്.
വിവാഹത്തിന് മുന്‍പ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലാണ്. മേനക സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറയുമായിരുന്നു.
പക്ഷേ താനത് എന്‍ജോയ് ചെയ്യുകയായിരുന്നു എന്ന് മേനക പറയുന്നു. ആ സമയത്ത് അങ്ങനെ പറഞ്ഞവരോട് എനിക്ക് വിരോധമൊന്നുമില്ല. അവര്‍ പറഞ്ഞതൊക്കെ ഉള്ള കാര്യമാണെന്ന് സുരേഷ് കുമാറും സൂചിപ്പിക്കുന്നു.
അവന്‍ ഇങ്ങനെ തലകുത്തി നടക്കുന്നവനാണെന്ന് മമ്മൂക്ക വരെ പറഞ്ഞിട്ടുണ്ടെന്ന് മേനക പറയുന്നു.ഒരിക്കല്‍ ഷൂട്ടിങ് സെറ്റില്‍ മേനകയ്ക്ക് സുരേഷ് കുമാറിന്റെ ഫോണ്‍ വന്നു. മമ്മൂക്കയും സെറ്റില്‍ ഉണ്ടായിരുന്നു. അന്ന് മൊബൈല്‍ ഒന്നുമില്ല.
താഴെ പോയി സംസാരിച്ച് വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു, ആരാ അവനാണോന്ന്? മമ്മൂക്ക അന്നേരം മേക്കപ്പൊക്കെ ഇട്ട് ചാവാന്‍ കിടക്കുന്ന സീനിലാണ്.
ഞാന്‍ പറഞ്ഞു, മമ്മൂക്ക മിണ്ടാതിരിക്ക്. അഭിനയിച്ചാല്‍ പോരെന്ന് ഞാന്‍ ചോദിച്ചു. നിന്നെയും നിന്റെ കുടുംബത്തെയും പോലെ അവനെയും അവന്റെ കുടുംബത്തിനെയും എനിക്ക് അറിയാം.
പക്ഷേ ഇത് ശരിയാവില്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തമ്മില്‍ തെറ്റി പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടിയാണ് പറയുന്നതെന്ന് മമ്മൂക്ക പറഞ്ഞു.
നോക്കിക്കോ, ഞങ്ങള്‍ നന്നായി ജീവിച്ച് കാണിച്ച് തരാമെന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. അതോടെ അദ്ദേഹം വേറൊന്നും പറഞ്ഞില്ല.
ഇനി നീ ആയി നിന്റെ പാട് ആയെന്ന് പറഞ്ഞു. മമ്മൂക്ക ശരിക്കും കുറ്റം പറഞ്ഞതല്ല. എനിക്കും ഇദ്ദേഹത്തിനും നല്ലൊരു ജീവിതം കിട്ടണമെന്ന് വിചാരിച്ച് പറഞ്ഞതാണെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.
സുരേഷ് കുമാര്‍ ആദ്യമായി മേനകയെ കാണുന്നത് എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് എന്നായിരുന്നു മേനക ആദ്യം കരുതിയിരുന്നത്.
പക്ഷേ അതിന് മുന്‍പ് കൗതുകകരമായ ഒരു കണ്ടു മുട്ടല്‍ അവരുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. മേനക സിനിമയില്‍ എത്തിയ കാലത്ത് കരയൈ തൊടാത്ത അലൈകള്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ മേനകയുടെ വീട്ടില്‍ പ്രിയദര്‍ശനും സുരേഷ് കുമാറും ചെന്നിരുന്നു.
രണ്ടുപേരും സിനിമയെടുക്കണമെന്ന മോഹവുമായി നടക്കുന്ന കാലമാണ്. കഥകേട്ട് മേനകയുടെ അച്ഛന്‍ 500 രൂപ അഡ്വാന്‍സും വാങ്ങിയതാണ്.
പക്ഷേ, കഥാപാത്രത്തോട് താല്‍പര്യം തോന്നാത്തതിനാല്‍ മേനക അത് ചെയ്തില്ല. പനിപിടിച്ച് അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന മേനക അന്ന് സുരേഷ് കുമാറിനെ കണ്ടതുമില്ല.
പക്ഷേ, വെള്ളം കുടിക്കാന്‍ അടുത്ത മുറിയിലെത്തിയ മേനകയെ സുരേഷ് കുമാര്‍ കണ്ടു. ആദ്യമായി എടുക്കാന്‍ തീരുമാനിച്ച പടത്തിന് നായികയായി നിന്നെ തേടിയതാണ്.
ഈ പടം കരതൊട്ടില്ലെങ്കിലും അവസാനം നീയെന്റെ നായികയായി എന്ന് സുരേഷ് കുമാര്‍ പിന്നീട് മേനകയോട് പറയുമായിരുന്നു.