കൊച്ചി: കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും.
കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് കുട്ടികള്‍ ചികിത്സയില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളെയും നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹച്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കളമശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വൈറല്‍ മെനിഞ്ചൈറ്റിസ് ഉണ്ടായത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് രോഗവിവരമറിഞ്ഞതിനെ തുടര്‍ന്ന് കളമശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്താണ് മെനിഞ്ചൈറ്റിസ്
വൈറല്‍ മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള മെനിഞ്ചുകളുടെ വീക്കം ആണ്. പലപ്പോഴും ബാക്ടീരിയ, വൈറല്‍, അല്ലെങ്കില്‍ ഫംഗസ് അണുബാധയാണ് കാരണമാകുന്നത്. ഏത് പ്രായത്തിലുള്ള ആളുകളെയും ഇത് ബാധിക്കാം, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് മാരകമായേക്കാം.
ലക്ഷണങ്ങള്‍
പെട്ടെന്ന് ഉയര്‍ന്ന പനി, കടുത്ത തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, കഴുത്ത് വേദന
പ്രതിരോധ മാര്‍ഗങ്ങള്‍
വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണം കഴിക്കുന്നതിനും ശുചിമുറി ഉപയോഗത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക, ഗ്ലാസുകള്‍, ഭക്ഷണ പാത്രങ്ങള്‍, കുടിവെള്ളം എന്നിവ പങ്കിടുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടുക, മാസ്ക് ധരിക്കാന്‍ ശ്രമിക്കുക.