കുമ്പനാട്: നൂറ്റമൂന്നാം വയസിലും സമ്മതിദാനാവകാശം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത നഷ്ടമാക്കിയില്ല.
നിയമസഭ തെരഞ്ഞെടുപ്പിന് നാലു ദിവസം മുമ്പേ വോട്ടു ചെയ്തപ്പോള്‍ തിരുമേനിക്ക് ഇതു സ്വീകരിക്കുമോയെന്നു ചെറിയ സംശയം ബാക്കി.
പുതിയ ക്രമീകരണം അനുസരിച്ച് 80 വയസ് കഴിഞ്ഞവര്‍ക്ക് താമസസ്ഥലത്ത് ബാലറ്റ് പേപ്പര്‍ എത്തിച്ച് നേരത്തെ തന്നെ വോട്ടു ചെയ്തു സൂക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചപ്പോള്‍ സന്തോഷം.
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിയുന്ന വലിയ മെത്രാപ്പോലീത്ത ഇന്നലെയാണ് വോട്ടു ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റു പേപ്പറുമായി മെത്രാപ്പോലീത്തയെ കാണാനെത്തി.
ആറന്മുള നിയോജകമണ്ഡലത്തിലെ വോട്ടറായ അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വോട്ടു ചെയ്ത് ബാലറ്റ് പേപ്പര്‍ കവറിലാക്കി ഉദ്യോഗസ്ഥരെ ഏല്പിച്ചു.
നൂറ്റിമൂന്നാം വയസിലും വോട്ടു ചെയ്യാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്ന പതിവാണ് വലിയ മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്നത്.
ശാരീരിക അവശതകള്‍ കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിരുന്നില്ല.