ഹെലികോപ്റ്ററില്‍ നിന്നു താഴേക്കിട്ട ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു ! അപകടം സംഭവിച്ചത് ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് വീഴാന്‍ തുടങ്ങിയ വൃദ്ധനെ പിടിക്കുന്നതിനിടയില്‍…

പന്തളം: ഹെലികോപ്ടറില്‍ നിന്നുള്ള ഭക്ഷണപ്പൊതി വീണ് യുവാവിന്റെ കയ്യൊടിഞ്ഞു. താഴ്ന്നു പറഞ്ഞ ഹെലികോപ്ടറിന്റെ കാറ്റടിച്ച് വീഴാന്‍ പോയ വൃദ്ധനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. രാത്രിയില്‍ നെഞ്ചു വേദന സംഭവിച്ച മറ്റൊരു വൃദ്ധന്‍ തക്കസമയത്ത് ആശുപത്രിയെത്താന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.

പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി ക്യാമ്പില്‍ തിരിച്ചെത്തിയ മങ്ങാരം വീട്ടില്‍ ഷിബുവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ഷിബുവും വൃദ്ധനും മങ്ങാരം എംഎസ്എം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ക്യാംപിന്റെ മുറ്റത്ത് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യാനെത്തിയ ഹെലികോപ്റ്ററില്‍ നിന്നുമാണ് ഷിബുവിന്റെ കയ്യിലേക്ക് ഭക്ഷണക്കിറ്റ് വീണത്.

ഞായറാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നപ്പോള്‍ വീശിയ കാറ്റില്‍ ക്യാംപിന്റെ മുറ്റത്തു നിന്ന വൃദ്ധന്‍ വീഴാന്‍ തുടങ്ങുകയായിരുന്നു. ചാടിവീണ് വൃദ്ധനെ പിടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭക്ഷണപ്പൊതി കയ്യിലേക്ക് വീഴുകയായിരുന്നു. കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. 37 കാരനായ ഷിബു ഓട്ടോ ഡ്രൈവറാണ്. പ്രളയക്കെടുതിയ്ക്കിടയില്‍ രാത്രിയില്‍ നെഞ്ചുവേദനയുണ്ടായ 70 കാരനെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ പോയതോടെ മരണത്തിനു വിട്ടു കൊടുക്കുകയായിരുന്നു. തിരുവല്ല ഓതന ചിറയ്ക്കല്‍ വീട്ടിലെ വിശ്വനാഥന്‍ ആചാരിയാണ് മരണമടഞ്ഞത്.

തിങ്കളാഴ്ച രാത്രി 9.30 യോടെയാണ് വിശ്വനാഥന്‍ ആചാരിക്ക് നെഞ്ചുവേദന തുടങ്ങിയത്. എന്നാല്‍ കല്ലിശ്ശേരിയില്‍ നിന്നും രണ്ടര കിലോമീറ്ററോളം റോഡില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഫോണ്‍ ബന്ധങ്ങളും മറ്റും ഇല്ലാതെ വരികയും രാവിലെ ആശുപത്രിയില്‍ കൊണ്ടു പോകാനുമിരിക്കെ രാത്രിയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. സ്ഥലത്ത് വൈദ്യുതിയും മറ്റും ഇല്ലാതിരുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഫോണില്‍ പോലും ആരുമായും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് രാവിലെ ആശുപത്രിയില്‍ എത്തിക്കാമെന്ന് വീട്ടുകാര്‍ തീരുമാനം എടുത്തത്.എന്നാല്‍ അപ്പോഴേക്കും വൃദ്ധന്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

Related posts