ചന്ദ്രനിൽ പോകുക എന്നത് നിരവധിയാളുടെ സ്വപ്നമാണ്. പണച്ചിലവേറിയ യാത്രയായതുകൊണ്ടു ഭൂരിഭാഗം ആളുകൾക്കും അതൊരു സ്വപ്നം മാത്രമാണ്.
എന്നാൽ ചന്ദ്രനിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് ആരെങ്കിലും വന്നലോ? എന്നാൽ അങ്ങനെ ഒരാൾ എത്തിയിരിക്കുകയാണ്.
ജാപ്പനീസ് കോടീശ്വരനും ഫാഷൻ വ്യവസായിയുമായ യൂസാകു മെയ്സാവയാണ് ഈ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്.
ലോകമെന്പാടുമുള്ള ആളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എട്ടുപേർക്കാണ് സൗജന്യ യാത്ര. സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാന്ദ്ര ബഹിരാകാശ പേടകത്തിലായിരിക്കും യാത്ര.
ഇതിലെ എല്ലാ സീറ്റുകളും ഇദേഹം ബുക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ ഇത് ഒരു സ്വകാര്യ സവാരി ആയിരിക്കുമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്.
കലാകാരന്മാർക്കാണ് സൗജന്യ യാത്രയ്ക്കുള്ള അവസരമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്. ഇനി ആരാണ് കലാകാരൻ എന്നും അദ്ദേഹം പറയുന്നു.
സൃഷ്ടിപരമായ എന്തെങ്കിലും ചെയ്യുന്ന ഓരോ വ്യക്തിയെയും ഒരു കലാകാരൻ എന്ന് വിളിക്കാമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്.
തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആപ്ലിക്കേഷൻ പ്രക്രിയ അദ്ദേഹം വെളിപ്പെടുത്തി. മാർച്ച് 14 നകം ബഹിരാകാശ യാത്രികർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
പ്രാഥമിക സ്ക്രീനിംഗ് മാർച്ച് 21 നകം നടത്തും. ഓൺലൈൻ അഭിമുഖങ്ങളും അന്തിമഅഭിമുഖങ്ങളും മെഡിക്കൽ പരിശോധനകളും നിലവിൽ 2021 മെയ് അവസാനത്തോടെ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് മെയ്സാവയുടെ വെബ്സൈറ്റ് പറയുന്നു.
394 അടി (120 മീറ്റർ) ഉള്ള പുനരുപയോഗിക്കാവുന്നറോക്കറ്റ് സംവിധാനം ഒരു ദിവസം ആളുകളെയും ചരക്കുകളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പുറത്തേക്കും എത്തിക്കുമെന്ന പ്രതീക്ഷയിലാണ് സ്പേസ് എക്സ് കന്പനി.
സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാന്ദ്ര ബഹിരാകാശ പേടകത്തിൽ സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തിയായിരുന്നു യൂസാകു മെയ്സാവ.