ഒരുപാട് സ്ത്രീകൾ ആർത്തവത്തോടൊപ്പം വേദനയും മറ്റു പല അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികവും മാനസികവും ആയിരിക്കും. കൂടുതൽ പേരിലും ആർത്തവം വരുന്നതിന് ഒരാഴ്ച മുന്പുതന്നെ പ്രശ്നങ്ങൾ ആരംഭിക്കുന്നതുമാണ്.
ഹോർമോൺനിലയിലെ പ്രശ്നങ്ങളും…
മാംസപേശികളിൽ കോച്ചിവലിയുടെ അനുഭവം ആയിരിക്കും ആർത്തവ സമയത്തെ വേദനയിൽ ഉണ്ടാകാറുള്ളത്. സാധാരണയായി പൊക്കിളിനു താഴെയാണ് ഈ വേദന തോന്നാറുള്ളത്.
ഇത് ആരോഗ്യം കുറയുന്നതിന്റെ ലക്ഷണമല്ല. സാധാരണ ജീവിതത്തിൽ ഒരു തടസവും ഉണ്ടാകേണ്ട കാര്യവും ഇല്ല. സ്ത്രൈണ ഹോർമോണുകളുടെ നിലയിൽ വരുന്ന പ്രശ്നങ്ങളും ഒരു കാരണമാണ്.
ആർത്തവവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകളിലും കാണാറുള്ള പ്രശ്നങ്ങൾ:
* സ്തനങ്ങളിൽ നീർക്കെട്ട് ഉണ്ടായതുപോലെ തോന്നും. സ്തനങ്ങൾ കൂടുതൽ മാർദവമുള്ളതാകും. ചിലപ്പോൾ വേദനയും.
• അടിവയറ്റിൽ വേദന ഉണ്ടാകും.
• ചിലർക്ക് മലബന്ധവും തലവേദനയും.
• ശക്തമായ നടുവേദന ചിലർക്ക് അനുഭവപ്പെടുന്നതാണ്. ക്ഷീണവും വയറിനകത്തെ പ്രശ്നങ്ങൾ വേറെയും.
• ചില സന്ധികളിലും പേശികളിലും വേദന അനുഭവപ്പെടും.
• ഇടയ്ക്കിടെ മൂത്രം ഒഴിക്കണം എന്ന തോന്നലും കൂടുതൽ ദാഹവും
മരുന്ന് ആവശ്യമുണ്ടോ?
ചില സ്ത്രീകൾ ആർത്തവകാല പ്രശ്നങ്ങൾ അനുഭവിക്കാൻ പ്രയാസമാണ് എന്നു പറയാറുണ്ട്. അവർക്ക് ഈ അസ്വസ്ഥതകൾ ദൈനംദിന കാര്യങ്ങൾക്ക് പ്രയാസമാണ് എന്നും പറയാറുണ്ട്.
അങ്ങനെയുള്ളവർക്ക് ഡോക്ടറെ കാണുകയും അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഡോക്ടർ നിർദേ ശിക്കുന്ന മരുന്നുകൾ കഴിക്കാവുന്നതുമാണ്.
കൂടുതൽപേരിലും വേദനയോടുകൂടിയ ആർത്തവത്തിന് പ്രത്യേക കാരണം കണ്ടുപിടിക്കാൻ കഴിയില്ല. അങ്ങനെയാകുമ്പോൾ അത് സാധാരണ ആർത്തവത്തിന്റെ അസ്വസ്ഥത മാത്രമാണ്.
കൂടുതൽ സ്ത്രീകളിലും കാണാൻ കഴിയുന്നതും ഇതാണ്. ആർത്തവം ആരംഭിച്ച ശേഷമുള്ള ആദ്യത്തെ മൂന്ന് വർഷങ്ങളിലാണ് പതിനഞ്ചിനും ഇരുപത്തി അഞ്ചിനും ഇടയിൽ പ്രായം ഉള്ളവരിൽ ഇത് ഗൗരവമായി കാണാറുള്ളത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393