കോട്ടയം: മാനസിക രോഗ ചികിത്സാ രംഗത്ത് വന്നിട്ടുള്ള നവീന മാറ്റങ്ങൾ തുടരെയുള്ള ഗവേഷണം മൂലമാണെന്ന് പ്രശസ്ത ഗവേഷകനും ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ ഫാർമക്കോളജി വിഭാഗം തലവനുമായ ഡോ.ചിത്തരഞ്ജൻ ആൻഡ്രഡെ അഭിപ്രായപ്പെട്ടു.
ഗവേഷണ ഫലമായി വന്നിട്ടുള്ള നൂതന മരുന്നുകൾ രോഗീസൗഹൃദമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി ശാസ്ത്രീയമായ ഗവേഷണ രീതികൾ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സുവർണജൂബിലി ദ്വിദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
സൈക്യാട്രി വിഭാഗം മേധാവി ഡോ.വി.സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു.
സൈക്യാട്രി വിഭാഗം മുൻ മേധാവി പ്രഫ.സൈബുന്നീസ ബീവി, വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി.ജയകുമാർ, വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ അന്താരാഷ്ട്ര ഉപാധ്യക്ഷൻ ഡോ.വി.കെ.രാധാകൃഷ്ണൻ , അസിസ്റ്റന്റ് പ്രഫ.ഡോ.നിഷ സിറിയക് , അഡീഷണൽ പ്രഫ.ഡോ.പി.ജി.സജി, ഓർഗൈസിംഗ് സെക്രട്ടറി ഡോ.ഗംഗ ജി കൈമൾ എന്നിവർ പ്രസംഗിച്ചു.
ദക്ഷിണേന്ത്യൻ സൈക്യാട്രി സമ്മേളനത്തിൽ ഗവേഷണ പ്രബന്ധ മത്സരത്തിൽ മികവ് തെളിയിച്ച സൈക്യാട്രി ബിരുദാനന്തരബിരുദ വിദ്യാർഥിനി ഡോ.ഷമീല അബ്ദുള്ളയ്ക്ക് ഡോ.ചിത്തരഞ്ജൻ ആൻഡ്രഡെ പുരസ്കാരം സമർപ്പിച്ചു.