പേരൂർക്കട: ഇരുളും വെളിച്ചവും നിറഞ്ഞ മനുഷ്യ മനസുകളിലേക്ക് തിരുവിതാംകൂര്‍ തുറന്ന വാതിലാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം – ദക്ഷിണേന്ത്യയില്‍ ആദ്യത്തേത്.നിലവിൽ 154 വർഷം പിന്നിട്ടു ഈ മനോരോഗാശുപത്രി. സാമൂഹിക ജാഗ്രതയും കോടതി ഇടപെടലുകളുമാണ് ഈ ആതുരാലയത്തെ മാറ്റിയെടുത്തത്.
ഒരുകാലത്ത് ഊളമ്പാറ എന്ന സ്ഥലപ്പേരുപോലും മാനസികാസ്വാസ്ഥ്യമുള്ളവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന പേരായിരുന്നു. ഊളമ്പാറയ്ക്ക് പകരമായി പേരൂർക്കട മനോരാഗാശുപത്രി എന്ന പുതിയ വിളിപ്പേരാണ് ഇന്നുള്ളത്.
150-ാം വാര്ഷികാഘോഷത്തിനു കോവിഡും ലോക്ഡൗണും തടസമായിരുന്നു. പുതിയ കെട്ടിടങ്ങളും കൂടുതല്‍ സൗകര്യങ്ങളുമായി നവീകരണത്തിനു ബൃഹദ് പദ്ധതി തയാറായതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ അതും കുരുങ്ങി.
പക്ഷേ കോവിഡിന് ശേഷമുള്ള നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ ഈ ആശുപത്രിയിൽ കൊണ്ടുവന്നു. 36 ഏക്കര്‍ സ്ഥലത്താണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം. 700 ഓളം അന്തേവാസികള്‍.
പക്ഷേ, ചെറിയതോതിൽ എങ്കിലും കിടക്കകളുടെ അപര്യാപ്തത ഇന്നുണ്ട്. 500-ല്‍ പരം ജീവനക്കാരാണ് ഇന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്.
മാനസികാസ്വാസ്ഥ്യമുള്ളവരോടു ദയയില്ലാതെ പെരുമാറിയ മുന്‍ഗാമികളുടെ പൂർവ ചരിത്രമുണ്ടിവിടെ. ഒരു പരിധിവരെ ഈ മനോഭാവം മാറ്റിയിട്ടുണ്ട്.
പക്ഷേ, പരിഷ്കൃത സമൂഹത്തിന്റെ പെരുമാറ്റം ഇന്നും മാറിയിട്ടില്ല. അതുകൊണ്ടാണ് അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോകാത്ത നിരവധിപ്പേരുടെ കണ്ണീർ ഇന്നുമിവിടെ വീഴുന്നത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുന്നാള്‍ രാമവര്‍മ്മ 1870ലാണ് ആശുപത്രി സ്ഥാപിച്ചത്. സെക്രട്ടേറിയറ്റ് രൂപകല്പന ചെയ്ത വില്യം ബാര്‍ട്ടണ്‍ തന്നെയാണ് ഇതിന്റെയും രൂപകല്പന നിര്‍വഹിച്ചത്.