പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനി സ്മിതകുമാരി മരിച്ച സംഭവത്തിൽ പോലീസ് ജീവനക്കാരുടെ ഫോൺ കോളുകൾ പരിശോധിക്കും.
ഇതുവരെ മാനസികാരോഗ്യ കേന്ദ്രത്തിലെ 12 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്താൻ സാധിച്ചതായി പേരൂർക്കട പോലീസ് പറയുന്നു.
അതുകൊണ്ടുതന്നെ ഇവരുടെ ഫോൺകോളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനും പരിശോധിക്കും.
നവംബർ 26 മുതൽ 29 വരെ മാനസികാരോഗ്യ കേന്ദ്രത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി എന്നാണ് പറയുന്നത്. ഇതിൻറെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് എടുത്തിരിക്കുകയാണ്.
ഫോറൻസിക് ഡോക്ടർ ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചേക്കും.ഇന്നലെ ആശുപത്രി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല.
സ്മിതകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് മറ്റൊരു രോഗിയുമായി ഏറ്റുമുട്ടൽ ഉണ്ടായതായി അന്വേഷണത്തിൽ അറിയാൻ സാധിച്ചുവെന്ന് പോലീസ് പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റിയത്.
മൊഴികളിൽ അവ്യക്തതയും വൈരുദ്ധ്യവുമുള്ള സ്ഥിതിക്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പേരൂർക്കട സി.ഐ വി. സൈജുനാഥ് അറിയിച്ചു.