മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്, ആ സമയങ്ങളിൽ അറിഞ്ഞോ അറിയാതെയോ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടാകാവുന്നതാണ്.
കുറേ കൊല്ലങ്ങൾ മുൻപ് അമേരിക്കയിൽ ഈ വിഷയത്തിൽ ഒരു പഠനം നടത്തിയ വാർത്ത വായിച്ചിട്ടുണ്ട്. നൂറിലധികം വിദ്യാർഥികളിലാണ് പഠനം നടത്തിയത്. അഞ്ച് മാസമായിരുന്നു പഠനത്തിന് ചെലവഴിച്ചത്.
ഈ അഞ്ച് മാസക്കാലം ഈ വിദ്യാർത്ഥികൾ അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ട് എങ്കിൽ അതിന്റെ വിശദ വിവരങ്ങളും അതിന്റെ കൂടെ അവരുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും കൂടി അറിയിക്കണമായിരുന്നു.
സ്കൂൾ മാറൽ, താമസസ്ഥലം മാറൽ, വീട്ടിൽ രോഗങ്ങൾ ഉണ്ടായതിന്റെ വിവരങ്ങൾ എന്നീ കാര്യങ്ങളാണ് മാറ്റങ്ങൾ എന്ന് ഉദ്ദേശിച്ചത്.
സ്വഭാവത്തിൽ മാറ്റം
ഈ പഠനത്തിന് മേൽനോട്ടം വഹിച്ചവർ അതിൽ സഹകരിച്ച കുട്ടികൾക്ക് ഉണ്ടായ അപകടങ്ങളും അവരുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളും പഠന വിധേയമാക്കുകയുണ്ടായി.
ഇവരിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. കടുത്ത മാനസിക സംഘർഷം അനുഭവിച്ചവർ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നതായൂം മനസിലാക്കാൻ കഴിയുകയുണ്ടായി.
മാനസിക സംഘർഷം കൂടുന്പോൾ
മറ്റൊരു പഠനത്തിൽ ചെയ്തത് ഇങ്ങനെ ആയിരുന്നു. തൊട്ടു മുന്നിലെ വർഷം അവർ അനുഭവിച്ച മാനസികസംഘർഷം, അവരുണ്ടാക്കിയ അപകടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ചോദ്യാവലി തയാറാക്കി അഞ്ഞൂറു പേർക്ക് കൊടുക്കുകയുണ്ടായി.
അവ തിരിച്ച് കിട്ടിയ ശേഷം ശ്രദ്ധയോടെ പഠിച്ചപ്പോൾ കാര്യങ്ങൾ നന്നായി തെളിയുകയായിരുന്നു. മാനസിക സംഘർഷം കൂടും തോറും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതകളും കൂടുന്നു.
ഇങ്ങനെയുള്ള പഠനങ്ങളിൽ നിന്നു മനസിലാക്കാൻ കഴിയുന്നത്, മാനസിക സംഘർഷം അപകടങ്ങൾ ഉണ്ടാകാൻ കാരണമാകും എന്നു തന്നെയാണ്.
കൂടിയ നിലയിലുള്ള മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കാറുള്ളത്. അപകടം ചെറുതോ വലുതോ ആകാം. അപകടം ആണ് പ്രശ്നം.
ചിന്തയും പ്രതികരണശേഷിയും നഷ്ടമാകുന്പോൾ
മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ മനസ്സിൽ പ്രശ്നങ്ങൾ അങ്ങനെ തിങ്ങിനിറഞ്ഞ അവസ്ഥയിലാകും.
ഇതിന്റെ ഫലമായി അവർക്ക് വ്യക്തമായി ചിന്തിക്കുവാനോ ശരിയായ രീതിയിൽ പ്രവർത്തിക്കുവാനോ വേണ്ടത് വേണ്ടപ്പോൾ ചെയ്യുവാനോ പെട്ടെന്ന് ഉണ്ടാകുന്ന അവസ്ഥകളിൽ യുക്തമായ രീതിയിൽ പ്രതികരിക്കുവാനോ അവധാനപൂർവം ചിന്തിക്കുവാനോ ഉള്ള കഴിവ് ഇല്ലാതാകും. അപകടങ്ങൾ ഉണ്ടാകുന്നതിന് ഇതെല്ലാം മതിയായ കാരണങ്ങളാണ്. (തുടരും)