പഴയതും പുതിയതുമായ നിരവധി രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. രോഗം വ്യക്തമായി തിരിച്ചറിയാൻ വേണ്ടി നടത്തുന്ന പരിശോധനകളിൽ നിന്നു ലഭിക്കുന്ന ഫലങ്ങൾ നോർമലായി കാണുകയാണെങ്കിൽ പോലും പലരിലും രോഗങ്ങൾ നല്ല നിലയിൽ കാണാൻ കഴിയുന്നതാണ്.
ചില ആശുപത്രികളിൽ രോഗം കണ്ടെത്താൻ പിന്നെയും പരിശോധനകൾ തുടരുന്നതായി കാണാൻ കഴിയും. അതോടൊപ്പം രോഗിയുടെയും രോഗിയുടെ ബന്ധുക്കളുടേയും മനസിൽ ഉത്കണ്ഠ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. വൈദ്യശാസ്ത്ര മേഖലയിൽ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇത്.
ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അത് രസകരമായ ഒന്നാണ്. സാധാരണ കാണാറുള്ള രോഗങ്ങളിൽ കൂടുതൽ രോഗങ്ങളുടേയും അടിസ്ഥാന കാരണം ആരംഭിക്കുന്നത് മനസിൽ നിന്നായിരിക്കും. ഇത് ഒരു അതിശയോക്തി ആണെന്ന് ചിലർക്കെങ്കിലും തോന്നാവുന്നതാണ്. എന്നാൽ, ഇത് ഒരു വലിയ സത്യമാണ്.
രോഗം ഏതായാലും…
രോഗം എന്തായാലും ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നാൽ അത് രോഗിയിൽ അവശതകൾ ഉണ്ടാകുന്നതിന് കാരണമാകും.
മുഖക്കുരു മുതൽ സന്ധിവാതം വരെയുള്ള രോഗങ്ങൾ, തലവേദന മുതൽ ഹൃദ്രോഗങ്ങൾ വരെയുള്ള വേദനകൾ, ചെറിയ ഒരു പരു മുതൽ കാൻസർ വരെയുള്ള മുഴകൾ തുടങ്ങിയവയെല്ലാം മനുഷ്യന്റെ ശാരീരികവും മാനസികവുമായുള്ള കരുത്തിൽ സ്വാധീനം ചെലുത്താറുണ്ട്.
ഈ സ്വാധീനത്തിന്റെ സ്വഭാവമനുസരിച്ച് രോഗികളുടെ അവസ്ഥ നല്ലതാവുകയോ മോശമാകുകയോ ചെയ്യുന്നതാണ്.
മാനസിക സംഘർഷം കൂടുന്നത്…
എന്നാൽ, ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. രോഗം വഷളാകും എന്നതിനെക്കുറിച്ചും മരണത്തെ കുറിച്ചും മാത്രം ചിന്തിക്കുകയും അങ്ങനെയുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുകയും ചെയ്യുന്നവരിൽ മാനസിക സംഘർഷം ഉയർന്ന നിലയിലാണ് എന്ന് തിരിച്ചറിയണം.
ഈ മാനസിക സംഘർഷം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നാൽ രോഗിയുടെ അവസ്ഥ സങ്കീർണമാകും എന്ന കാര്യത്തിൽ സംശയമില്ല.
മനസു തെളിഞ്ഞാൽ
മാനസിക സംഘർഷത്തെ കുറിച്ച് വിശകലനം ചെയ്യാൻ തുടങ്ങിയിട്ട് കൊല്ലം കുറേ ആയി. എന്നാൽ, രോഗങ്ങളുമായി മാനസിക സംഘർഷത്തിനുള്ള ബന്ധം, രോഗികളിൽ അങ്ങനെയുള്ള മാനസികാവസ്ഥ ചെലുത്തുന്ന സ്വാധീനം എന്നീ വിഷയങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിൽ നിന്ന് വിലയേറിയ അറിവുകളാണ് ലഭിച്ചിട്ടുള്ളത്.
രോഗങ്ങളിൽ മാനസിക സംഘർഷത്തിന് വ്യക്തമായ സ്വാധീനം ഉണ്ടെന്നുള്ളത് പരീക്ഷണ സിദ്ധമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട്, കഴിയുന്നത്ര മനസിനകത്ത് കാർമേഘവും മൂടൽമഞ്ഞും നിറഞ്ഞ് നിൽക്കാനുള്ള സാധ്യത ഒഴിവാക്കണം. നല്ല ആരോഗ്യത്തിന് അത് ആവശ്യമാണ്.
വാഹനവും വാക്കും!
ഒരു ഉദാഹരണം പറയാം. വൈകുന്നേരം നാല് മണിക്ക് അകലെയുള്ള ഒരു സുഹൃത്തിനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണാം എന്ന് നേരത്തേ അറിയിച്ചതനുസരിച്ച് ഒരു വ്യക്തി പുറപ്പെടുന്നു. വഴിയിൽ വാഹനം കേടായത് കാരണം അന്ന് അവിടെ എത്താൻ കഴിയാതാകുന്നു.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മനസിൽ ഉണ്ടാകുന്ന കാഴ്ചപ്പാട് പലരിലും പല രീതിയിൽ ഉള്ളതായിരിക്കും. സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചേരാൻ കഴിയാതായതിന്റെ പേരിൽ, താൻ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്തതിന്റെ പേരിൽ ഉയർന്ന നിലയിൽ സംഘർഷം കുത്തി നിറയ്ക്കുകയാണെങ്കിൽ അത് ആ വ്യക്തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.
ഒട്ടും മാനസിക സംഘർഷം ഇല്ലാതെ ആ സംഭവം ലളിതമായി കണക്കാക്കുകയും അവിടെ ചെല്ലാൻ കഴിയാഞ്ഞതിന്റെ കാരണം സുഹൃത്തിനെ അറിയിക്കുകയും ചെയ്യുന്നവർ അവരുടെ ആരോഗ്യകാര്യങ്ങളോട് ഏറ്റവും
നല്ല രീതിയിൽ പ്രതികരിക്കുകയാണു ചെയ്യുന്നത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393