പത്തനംതിട്ട: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സംസ്ഥാനത്തെ സ്പെഷൽ സ്കൂൾ മേഖലയോടുള്ള സർക്കാർ അവഗണനയിലും ഉദ്യോഗസ്ഥതല മെല്ലപ്പോക്കിലും പ്രതിഷേധവുമായി അധ്യാപക, അനധ്യാപക, വിദ്യാർഥി സമൂഹം പ്രകടവും ധർണയും നടത്തി.
സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. സ്കൂളുകളുടെ ഗ്രാന്റ് ഇൻ എയ്ഡ് 40 കോടി രൂപയാക്കി ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ നൽകിയ ഉറപ്പു പാലിക്കുക, 2018 ബജറ്റിൽ പ്രഖ്യാപിച്ച 94 കോടി രൂപയുടെ സമഗ്രപാക്കേജ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടനുസരിച്ച് നടപ്പാക്കുക, ബഡ്സ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ ശന്പളാനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് കൂടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം.
പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തേ തുടർന്ന് കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘടന ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിലൂടെ അവതരിപ്പിക്കാമെന്ന് എംഎൽഎ ഉറപ്പു നൽകി.
സമരസമിതി കണ്‍വീനർ ഫാ.ഗ്രിഗറി വർഗീസ് ദാനിയേൽ, കെ.ആർ. രതീഷ്, ജോയി ജോണ്‍, സിസ്റ്റർ ക്രിസ്റ്റ് എസ്ഐസി, കെ.വി. ശുഭ, ഫാ.വിനോദ് ഈശോ, ലത, രാജേഷ്, കെ. രാജീവ്, ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു.
സമരത്തിന്റെ തുടർച്ചയായി 27നു നടത്തുന്ന സെക്രട്ടേറിയറ്റു പടിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിൽ ജില്ലാ ഭാരവാഹികളും പങ്കെടുക്കും.