തിരുവനന്തപുരം : ആയിരക്കണക്കിന് സാധാരണക്കാരായ മനോരോഗികൾക്ക് ആശ്രയമായിരുന്ന ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവാർഡ് അടച്ചുപൂട്ടിയതിനെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മാനസികാരോഗ്യ വാർഡ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതോടെയാണ് മാനസികാരോഗ്യ വാർഡിന് ശനിദശ ആരംഭിച്ചത്. കെട്ടിടം പുതുക്കി പണിതതോടെ അവിടം കുട്ടികളുടെ വാർഡാക്കി മാറ്റി. മാനസികാരോഗ്യമില്ലാത്തവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഇതിൽ പുരുഷൻമാരെ മെഡിക്കൽ വാർഡിലും സ്ത്രീകളെ പതിമൂന്നാം വാർഡിലുമാക്കി.
മാനസികാരോഗ്യമില്ലാത്തവർ അക്രമവാസന കാണിക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം രഹിം നൽകിയ പരാതിയിൽ പറയുന്നു. മറ്റ് രോഗികളെ കിടത്തുന്ന വാർഡുകളിൽ ഇവരെ പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവാർഡ് അടച്ചുപൂട്ടിയതോടെ രോഗികൾ നഗരത്തിൽ നിന്നും അകലെയുള്ള പേരൂർക്കട ആശുപത്രിയിലേക്ക് പോവുകയാണെന്നും പരാതിയിൽ പറയുന്നു.