പുതിയ പ്രതീക്ഷയുടെ പുതുവര്‍ഷത്തിലാണു നമ്മൾ. ഈ ദിനങ്ങളിൽ ധാരാളം പേർ പുതിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ചിലര്‍ ഈ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന് ചിന്തിക്കുന്നവരാണ്. കാരണം, പുതുവര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വര്‍ഷം മുഴുവനും നടപ്പിലാക്കുന്നതില്‍ എല്ലാ വര്‍ഷവും പരാജയപ്പെടുന്നു എന്നുള്ളതാണ് അവരുടെ വാദം. എന്നിരുന്നാലും നമുക്ക് പുതുവര്‍ഷത്തില്‍ നടപ്പാക്കാനായി കുറച്ചു കാര്യങ്ങള്‍ ഉണ്ടാവുക എന്നത് വളരെ പ്രധാന കാര്യമാണ്.
അത് നമ്മള് വര്‍ഷം മുഴുവനും ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിലുപരി നാം നമ്മളെ തന്നെ വിലയിരുത്തുന്നതും ഭാവിയെക്കുറിച്ച് പദ്ധതികള്‍ തയാറാക്കുന്നതും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനു സഹായകമാണ്. ഒരു പദ്ധതിയും വിലയിരുത്തലും ഇല്ലാതിരിക്കുന്നത് നമ്മുടെ ജീവിതം മുരടിച്ച അവസ്ഥയില്‍ തുടരുന്നതിന് കാരണമാകും.
ഈ വര്‍ഷം എടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്നുള്ളതാണ്. കള്ളം പറയുന്നതിന് യാതൊരു മടിയും ഇല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലാണ് നമ്മള് ജീവിക്കുന്നത്. ജോര്‍ജ് ഓര്‍വല്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ- “കള്ളവും വഞ്ചനയും നിറഞ്ഞ ഒരു സമൂഹത്തില്‍ സത്യം പറയുക എന്നുള്ളത് വിപ്ലവാത്മകമായ പ്രവര്‍ത്തിയാണ്”. സത്യം പറയുന്നതു വഴി ജീവിതത്തിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും.
നാം സത്യം പറയുമ്പോള്‍ താല്‍ക്കാലികമായി നമുക്ക് പലതരത്തിലുള്ള നഷ്ടങ്ങളും തിരിച്ചടികളും ഉണ്ടാകുമെങ്കിലും ആത്യന്തികമായി ജീവിതം കൂടുതല്‍ സംതൃപ്തമാകും. താല്‍ക്കാലിക നേട്ടത്തിനു വേണ്ടി നാം ഒരു കള്ളം പറയുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ വലിയ രീതിയിലുള്ള ആശങ്കയ്ക്കും ആകുലതക്കും കാരണമാകുന്നു. എന്തെന്നാല്‍ ഒരു കാര്യം നമ്മള് മറച്ചുവയ്ക്കുമ്പോള്‍ അത് മറഞ്ഞു തന്നെ ഇരിക്കാന്‍ വേണ്ടി നമ്മുടെ മനസ് പല രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കും, തല്‍ഫലമായി നാം വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചേരും.
ഒരു സിനിമയിലെ ഡയലോഗ് ഇങ്ങനെയാണ് “നാം സത്യം പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ തലവേദന മാറി മറ്റുള്ളവര്‍ക്ക് തലവേദന പിടിക്കും”, അതായത് സത്യം പറയുന്നതുവരെ ആ തലവേദന നമുക്ക് ഉണ്ടായിരിക്കും. സത്യം പറഞ്ഞു കഴിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് തലവേദനയാവും. നാം കള്ളമാണ് പറയുന്നതെങ്കില്‍ നമ്മുടെ ഉള്ളില്‍ തന്നെ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു.
ജീവിതം കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെയും സംതൃപ്തിയോടെയും മുന്നോട്ടു നയിക്കുന്നതിന് ഏറ്റവും പ്രധാന ഘടകം സത്യസന്ധമായി സംസാരിക്കുക എന്നതു തന്നെയാണ്. അത് നമ്മുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നു. ആശങ്കകളും ആകുലതകളും കുറഞ്ഞ ജീവിതാനുഭവം നല്കുന്നു.
വിവരങ്ങൾ:
നിതിൻ എ.എഫ്.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.