തൃശൂർ: പീഡകരെ തുറന്നുകാണിക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയ “മീ ടൂ’ ഹാഷ് ടാഗ് മുന്നേറ്റത്തോടു കൊന്പുകോർക്കാൻ “മെൻ ടൂ’വുമായി പുരുഷന്മാരും അങ്കത്തട്ടിൽ!!
പുരുഷാവകാശ സംരക്ഷണസമിതിയാണ് മെൻ ടൂ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
പുരുഷന്മാരെ പീഡിപ്പിക്കാനുള്ള പ്രസ്ഥാനമായി മീ ടൂ മാറിയെന്ന ആരോപണം വ്യാപകമായ പശ്ചാത്തലത്തിലാണ് ഇവർ മെൻ ടൂ വുമായി കളത്തിലിറങ്ങിയിരിക്കുന്നത്.
പീഡകരെ തുറന്നുകാണിക്കാൻ സ്ത്രീകൾക്ക് അവസരം നൽകിയ “മീ ടൂ’ ക്യാന്പയിനിനെ സ്ത്രീകൾ പുരുഷൻമാർക്കെതിരെയുള്ള പകപോക്കലിനും സ്വത്തും പണവും തട്ടിയെടുക്കാനുള്ള മാർഗവുമാക്കിയതോടെയാണ് തങ്ങൾ “മെൻ ടൂ’വുമായി രംഗത്തെത്തിയതെന്ന് പുരുഷാവകാശ സംരക്ഷണസമിതി പ്രവർത്തകർ വ്യക്തമാക്കി.
ആരെയും അപകടപ്പെടുത്താനല്ല മറിച്ച് സ്ത്രീക്കൊപ്പം പുരുഷനും പീഡനങ്ങൾ ഏൽക്കുന്നുണ്ടെന്ന് ലോകത്തെ അറിയിക്കാൻ കൂടിയാണ് ഈ ക്യാന്പയിനെന്ന് സമിതി അറിയിച്ചു.മീ ടു ക്യാന്പെയിനിന്റെ ഇരകളായ നിരപരാധികൾക്കു കൂടി വേണ്ടിയാണ് മെൻ ടൂ മുന്നേറ്റം ശക്തപ്പെടുത്തുന്നതെന്ന് സമിതി പ്രസിഡന്റ് സി.സി. ആന്റണി പറഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വരെ വ്യക്തതയില്ലാത്ത പീഡനപരാതി ഉന്നയിക്കാൻ ഭയമില്ലാത്തവിധം “മീ ടൂ’ ക്യാന്പയിൻ ഇന്ത്യയിലെ സ്ത്രീകൾക്ക് ധൈര്യം നൽകിയിരിക്കുന്ന അവസരത്തിൽ “മെൻ ടൂ’ ക്യാന്പയിൻ അനിവാര്യമാണെന്ന് സമിതി സെക്രട്ടറി പി.ആർ.ഗോകുൽ പറഞ്ഞു.
ഇന്ത്യയിൽ മെൻ ടൂ പ്രചാരണം ശക്തമാക്കണമെന്ന് അടുത്തിടെ കിരണ്‍ ബേദി അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീ സുരക്ഷ മുൻനിർത്തി നിർമിച്ചിരിക്കുന്ന നിയമങ്ങൾ പുരുഷനെതിരെ പകപോക്കലിനും സ്വത്തുതട്ടിയെടുക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് തടയാൻ “മെൻ ടൂ’ മുന്നേറ്റം ശക്തിപ്പെടുത്താനാണ് പുരുഷാവകാശ സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് ട്രഷറർ വിൻസന്റ് ചിറയത്ത് പറഞ്ഞു.
വിവാദങ്ങളേറെ സൃഷ്ടിച്ച മീ ടൂ വിനോടു കൊന്പുകോർക്കാൻ മെൻ ടു എത്തുന്പോൾ വരും ദിവസങ്ങളിൽ എത്ര പുരുഷൻമാർ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുമെന്നത് കാത്തിരുന്ന് കാണാം..