കുറേയേറെ കാലമായി ഒരുപാടുപേർ അനുഭവിക്കുന്ന ഗൗരവമുള്ള ഒരു പ്രശ്നമാണ് അലർജി. മൂക്കൊലിപ്പ്, തുടർച്ചയായി തുമ്മൽ, വിട്ടു മാറാത്ത ജലദോഷം, ശ്വാസം മുട്ടൽ, ആസ്ത്മ,പിന്നെ പൊട്ടിയൊലിക്കുന്നതും അല്ലാത്തവയുമായ ചർമ്മ രോഗങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും കാരണമാകുന്നത് അലർജി ആണെന്നാണ് നിലവിലുള്ള വിശ്വാസം.
അലർജി ഉണ്ടാകുമ്പോൾ കുറേ പേർക്ക് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകും. ചിലരിൽ ചൊറിയുന്ന ഭാഗങ്ങളിൽ തടിപ്പുകൾ ഉണ്ടാകുന്നു. കുറേ പേർക്ക് തൊണ്ടയിൽ ചൊറിച്ചിലും ശ്വാസം മുട്ടലും ആകാം അനുഭവം.
പൊടി, മത്സ്യം, പൂമ്പൊടി തുടങ്ങി നമ്മുടെ ചുറ്റുപാടുകളി ലുള്ള ഒരുപാട് കാര്യങ്ങൾ അലർജി ഉണ്ടാകുന്നതിന് കാരണമാകാം എന്ന് വിശ്വസിക്കുന്നു. കാര്യങ്ങളും വിശ്വാസങ്ങളും അങ്ങനെയാണെങ്കിലും ഗൗരവമായി പറയാനുള്ളത് ഇതാണ്:
കുറേയേറെ പേരിൽ അലർജി പ്രതികരണങ്ങൾ ഉണ്ടാകുന്നതിനും അലർജി കാരണമായി ഉണ്ടാകുന്ന അസ്വസ്ഥതകൾ സങ്കീർണമായ അവസ്ഥയിലെത്തിക്കുന്നതിനും മാനസിക സംഘർഷം വ്യക്തമായ ഒരു കാരണമാകാറുണ്ട്.
അലർജി ഉണ്ടാകുന്നത്…
ഈ വിഷയത്തിൽ ഗിനി പന്നികളിൽ നടത്തിയ ഒരു പഠനത്തെ കുറിച്ച് കുറേ കൊല്ലങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്.ഒരു ചെറിയ ഗ്രൂപ്പ് ഗിനി പന്നികളിൽ ആദ്യം മാനസിക സംഘർഷം ഉണ്ടാക്കി. പിന്നെ അവയെ അലർജി ഉണ്ടാകാൻ കാരണമാകുന്ന ഒരു രാസപദാർത്ഥത്തിൻ്റ അടുത്ത് എത്തിച്ചു.
ഈ ഗിനി പന്നികളിൽ അലർജിയുടെ ഭാഗമായി ഉണ്ടായ ചൊറിച്ചിൽ അസഹനീയമായ അവസ്ഥയിൽ ആയപ്പോൾ മാനസിക സംഘർഷം ഉണ്ടാക്കാത്ത വേറെ ഒരു ഗ്രൂപ്പ് ഗിനി പന്നികളെയും ഈ രാസപദാർത്ഥത്തിൻ്റ അടുത്ത് എത്തിച്ചു. ഈ രണ്ടാമത്തെ ഗ്രൂപ്പ് ഗിനി പന്നികളിൽ അലർജിയുടെ പ്രതികരണം വളരെ നിസാരമായിരുന്നു.
മനുഷ്യരിലും ഈ വിഷയത്തിൽ നടത്തിയ പഠനത്തിലും ഇത് തന്നെയാണ് മനസിലാക്കാൻ കഴിയുന്നത് എന്നും കേട്ടിട്ടുണ്ട്.
മാനസികാവസ്ഥ, ശരീരത്തേയും ശരീരത്തിലെ പ്രതിരോധ ശേഷിയെയും കാര്യമായി ബന്ധിപ്പിക്കുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.
നമ്മുടെ ശരീരത്തിലെ പ്രതിരോധ നിരയുടെ കാവൽ ഭടന്മാർ ആണ് വെളുത്ത രക്താണുക്കൾ. നാം നമ്മുടെ ശരീരത്തിന് യോജിക്കാൻ വിഷമമുള്ള പദാർഥങ്ങളുമായി ചേരുമ്പോൾ അവയെ ചെറുക്കാനുള്ള ആന്റി ബോഡികളുടെ ഉത്പാദന പ്രക്രിയയുടെ ഫലമായി മൂക്കിലും തൊണ്ടയിലും ശ്വാസകോശങ്ങളിലും വയറിലും കുടലുകളിലും അതിന്റെ പ്രതികരണങ്ങൾ ഉണ്ടാകുന്നു. ഇതാണ് അലർജി കാരണമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പൂർണരൂപം.
ഉല്ലാസയാത്രകളിൽ…
സ്ഥിരമായി അലർജിയും ആസ്ത്മയും സന്ധിവാത രോഗങ്ങളും ആയി നടക്കുന്ന കുറേയേറെ പേരുണ്ട്. എത്ര മരുന്നുകൾ കഴിച്ചാലും രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്നല്ലാതെ പൂർണമായും രോഗശമനം എളുപ്പമാവുകയില്ല.
പൊതുവെ അലർജിയും ആസ്ത്മായും ഉള്ള രോഗികളോട് ഡോക്ടർമാർ പൊടി തട്ടരുത്, തണുത്ത ആഹാരങ്ങൾ കഴിക്കരുത് എന്നെല്ലാം പറയാറുണ്ട്.
എന്നാൽ, ബഹുഭൂരിപക്ഷം ആസ്ത്മാ രോഗികളും തീർഥാടനവും ഉല്ലാസയാത്രയും പോകുമ്പോൾ എത്ര പൊടി തട്ടിയാലും ഐസ്ക്രീം കഴിച്ചാലും ഒരു പ്രശ്നവും ഉണ്ടാകാറില്ല.
ദീർഘകാലം മരുന്നുകൾ കഴിച്ചാലും പൂർണമായ രോഗശമനം സാധ്യമാകാതിരിക്കുന്ന ഒരുപാട് രോഗികളിൽ രോഗകാരണം കണ്ടെത്താൻ നടത്താറുള്ള പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിയാറില്ല.
രോഗത്തിനു പിന്നിൽ മാനസിക സംഘർഷമാണ് കൂടുതലായി സ്വാധീനം ചെലുത്തുന്നത് എന്നതിന്റെ തെളിവാണ് അത്.
മനസിൽ തൊട്ട്…
ഇങ്ങനെയുള്ള രോഗികളിൽ ചികിത്സയോടൊപ്പം മനഃശാസ്ത്രപരമായ സമീപനം കൂടി സ്വീകരിക്കുകയാണ് എങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ ദിവസങ്ങൾക്കകം രോഗികളിൽ ആശ്വാസം ലഭിക്കുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393