മെനു കാര്‍ഡ് എവിടെ ഹോട്ടല്‍ മേശയ്ക്കു മുന്നിലിരുന്ന പലരുടെയും ആദ്യത്തെ ചോദ്യമിതാണ്. കാര്‍ഡ് മുന്നിലെത്തിയാല്‍ പിന്നെ വട്ടംകൂടിയിരുന്നു പരിശോധനയും ചര്‍ച്ചയും… ഒടുവില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കണ്ടെത്തി ഓര്‍ഡര്‍ ചെയ്യുന്പോള്‍ കുറഞ്ഞതു 15 മിനിറ്റ് പിന്നിടും… ഇനി ഓര്‍ത്തുകൊള്ളുക, ഇത്രയും നേരം നിങ്ങള്‍ കൈവശം വച്ചു തിരിച്ചുംമറിച്ചും നോക്കിയതു ടോയ്ലറ്റ് സീറ്റിന്റെ കവറിനേക്കാള്‍ നൂറുമടങ്ങു ബാക്ടീരിയ പൊതിഞ്ഞ സാധനമാണ്! ഇതില്‍ തിരിച്ചുംമറിച്ചും പിടിച്ചിട്ട് കൈ വൃത്തിക്കാതെയാണു മുന്നിലെത്തുന്ന ഭക്ഷണം അകത്താക്കുന്നതെന്നുകൂടി ഓര്‍ക്കുന്പോഴാണ് കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകുന്നത്.
കാഴ്ചയില്‍ ആര്‍ഷകമായ ലാമിനേറ്റ് ചെയ്ത ഹോട്ടല്‍ മെനു കാര്‍ഡുകളില്‍ ബഹുഭൂരിപക്ഷവും രോഗാണുക്കളുടെ കൂടാരമാണെന്നാണ് ഒരു സംഘം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. വയറിളക്കം മുതല്‍ രക്തത്തില്‍ അണുബാധ സൃഷ്ടിക്കാന്‍ വരെ ശേഷിയുള്ളവയാണ് ഇങ്ങനെ കാണപ്പെട്ട ബാക്ടീരിയകളില്‍ പലതുമെന്നു ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മെനു കാര്‍ഡില്‍ തൊടാന്‍ ഇടയായാല്‍ പിന്നെ കൈകഴുകാതെ ഭക്ഷണം കഴിക്കരുതെന്നു ഹൈദരാബാദിലെ ഡോക്ടര്‍മാരുടെ സംഘം മുന്നറിയിപ്പ് നല്കുന്നു. നമ്മളിലേറെ പേരും ആദ്യം കൈകഴുകുകയും പിന്നെ മെനു കാര്‍ഡ് നോക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, കൈകഴുകുന്നതിനു മുന്‍പ് മെനുകാര്‍ഡ് നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതാണ് ആരോഗ്യത്തിനു നല്ലത്. മെനു കാര്‍ഡില്‍ കാണപ്പെടുന്ന സ്റ്റാഫിലോകോക്കസ് ഓറീയസ്, എഷെറിച്യ കോളി തുടങ്ങി ബാക്ടീരിയകള്‍ രണ്ടു ദിവസത്തിലേറെ അതില്‍ ജീവിക്കാന്‍ ശേഷിയുള്ളവയാണെന്നു അപ്പോളോ ആശുപത്രിയിലെ ഡോ.സുനീത നറേഡ്ഡി ചൂണ്ടിക്കാണിക്കുന്നു.
ഹോട്ടലിലെ മെനു കാര്‍ഡ് മാത്രമല്ല, വെള്ളത്തിന്റെ കെറ്റില്‍, ഉപ്പ്കുരുമുളക് ഡപ്പികള്, കേസരകള്‍, മേശകള്‍ തുടങ്ങിയവയും രോഗാണുക്കളുടെ സാന്നിധ്യമുള്ളവയാണ്. ഹോട്ടലുകളിലെ ഇത്തരം വസ്തുക്കള്‍ കൃത്യമായ ഇടവേളകളില്‍ അണുനാശിനികള്‍ ഉപയോഗിച്ചു വൃത്തിയാക്കുകയാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള വഴിയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ ഗാസ്ട്രോഎന്ട്രോളജിസ്റ്റ് ആയ ഡോ.കെ.എസ്.സോമശേഖര്‍ റാവു പറയുന്നത്, ടൈഫോയ്ഡ്, കോളറ, മറ്റു ഉദരരോഗങ്ങള്‍ എന്നിവ സമ്മാനിക്കാന്‍ കഴിയുന്ന രോഗാണുക്കളുടെ സാന്നിധ്യവും മെനു കാര്ഡുകളിലുണ്ടെന്നാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയ്ക്കു കാരണമാകുന്ന വൈറസുകളെയും മെനു കാര്‍ഡുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
മെനു കാര്‍ഡുകളുടെ താഴെ ഭാഗത്തും രണ്ടു വശങ്ങളിലുമാണ് ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലുള്ളത്. കാര്‍ഡുകള്‍ വൃത്തിയാക്കുന്നതിനൊപ്പം ജോലിക്കാരും അവരുടെ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കി സൂക്ഷിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇനി ഹോട്ടലില്‍ കയറുന്പോള്‍ ഓര്‍മിക്കുക, മെനു കാര്‍ഡ് അത്ര സുന്ദരമായ കാര്‍ഡല്ല!