റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുന്നവർ മെനു കാർഡിലെ പേര് നോക്കിയാകും മിക്കപ്പോഴും ഓർഡർ ചെയ്യുന്നത്. കേൾക്കാൻ ഒരു ഗുമ്മുള്ള പേരുകൾ കസ്റ്റമറിനെ ആകർഷിക്കുമെന്ന് ഹോട്ടലുകാർക്കും നന്നായി അറിയാം. അതിനാൽ അവരും ഇത്തരം പേരുകളാകും മെനു കാർഡിൽ വയ്ക്കുന്നതും. ചില പേരുകൾ വായിച്ച് ഓർഡർ ചെയ്യുന്പോഴാകും അബദ്ധം മനസിലാകുന്നത്. ഭക്ഷണവും പേരും തമ്മിൽ യാതൊരു ബന്ധവും കാണില്ല.
അത്തരത്തിലൊരു മെനു കാർഡാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിലെ ഉംദ ഹോട്ടലാണ് ഇത്തരത്തിൽ വൈവിധ്യമായ ഒരു മെനു കാർഡ് നിർമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഉംദയുടെ വുമൺ സ്പെഷ്യൽ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം കാർഡിലുണ്ട്.
‘കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് വിഭവങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. കുച്ച് നഹി- (220 രൂപ), കുച്ച് ബി (240 രൂപ), ആസ് യു വിഷ് (260 രൂപ), നഹി തും ബോലോ (280 രൂപ), നഹി നഹി തും ബോലോ (300 രൂപ) എന്നിങ്ങനെ അവയുടെ നിരക്കുകളും മെനുവിൽ സൂചിപ്പിച്ചിട്ടുണ്ട്.
സംഭവം വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. മിക്കപ്പോഴും സ്ത്രീകളുമായി മെസേജുകൾ അയയ്ക്കുന്പോൾ അവർ പറയുന്ന വാക്കുകളാണ് മേൽപ്പറഞ്ഞവയെല്ലാമെന്ന് പലരും അഭിപ്രായപ്പെട്ടു. ഹും എന്നതു കൂടി ഇനി ഇതിൽ ചേർക്കണമെന്ന് പറഞ്ഞവരും കുറവല്ല.