തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകി.
കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഐജി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരോട് നിർദേശിച്ചു.
ഉടനെ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് മെഡിക്കൽ കോളജ് അധികൃതരും ഐജിയെ അറിയിച്ചിട്ടുണ്ട്.
യുവതിയെ കേസിൽ കുടുക്കിയതാണെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണം ഐജിയ്ക്ക് കൈമാറിയത്.
അതേസമയം കേസിൽ യുവതിയുടെ ഭർത്താവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മതനിയമപ്രകാരമാണ് ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന വാദം തെറ്റാണെന്നാണ് ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുടെ വെളിപ്പെടുത്തൽ.
ഒരു സ്വകാര്യ ചാനലിനോടാണ് ജമാഅത്ത് ഭാരവാഹികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം വിവാഹത്തിനായി ഭർത്താവ് നൽകിയ അപേക്ഷ കമ്മിറ്റി അംഗീകരിക്കുകയൊ അനുമതി നൽകുകയൊ ചെയ്തിട്ടില്ലെന്നാണ് ജമാ അത്തിന്റെ വിശദീകരണം.
യുവതിയുമായി പിരിഞ്ഞ് താമസിച്ച ശേഷം മതനിയമപ്രകാരമാണ് രണ്ടാം വിവാഹം കഴിച്ചതെന്നാണ് ഭർത്താവ് വ്യക്തമാക്കിയിരുന്നത്. ജമാ അത്തിന്റെ വിശദീകരണത്തോടെ ഭർത്താവിന്റെ വാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.