ശശികല രമേശ് പതങ്കർ.. മുംബൈ പോലീസിന്റെ ഫയലുകളിൽ മായാതെ കിടക്കുന്ന പേര്. പോലീസ് ചർച്ചകളിൽ പലവട്ടം മുഴങ്ങിയിട്ടുള്ള പേര്.
രാഷ്ട്രീയക്കാരുടെ ചർച്ചകളിൽ കയറി വന്നിട്ടുള്ള പേര്. മുംബൈയിലെ വ്യവസായികളും സാധാരണക്കാരുമൊക്കെ പേടിയോടെ ഒാർമിച്ചിരുന്ന പേര്. അതാണ് ശശികല പതങ്കർ… മുംബൈ മയക്കുമരുന്നു വിപണിയിലെ കിരീടം വയ്ക്കാത്ത റാണി. അത്രയും പറയുന്പോൾ തന്നെ ഇവൾ മോശക്കാരിയല്ലെന്നു വ്യക്തം.
ശശികലയെപ്പോലെ അതിവേഗത്തിൽ അതിസന്പന്നയായി മാറിയ സ്ത്രീകൾ ഇന്ത്യയിൽ അധികം ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. വളരെ ചെറിയ കാലംകൊണ്ടു നൂറു കോടിയോളം രൂപയുടെ സ്വത്താണ് അവൾ വാരിക്കൂട്ടിയത്. മയക്കുമരുന്നു വിറ്റാണ് ശശികല മുംബൈയിൽ തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്.
ലക്ഷക്കണക്കിന് ആളുകൾ തന്പടിക്കുന്ന നഗരത്തിൽ മയക്കുമരുന്ന് എത്തിക്കാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. ഈ സാധ്യത ഇവർ പരമാവധി പ്രയോജനപ്പെടുത്തി.
മെഫെഡ്രോമിൻ എന്ന ഇനം മയക്കുമരുന്നു വിതരണത്തിന്റെ കുത്തക സ്വന്തമാക്കിയാണ് ശശികല വളർന്നത്. മ്യാവൂ എന്ന ഇരട്ടപ്പേരിലാണ് ഈ മയക്കുമരുന്ന് വിപണിയിൽ അറിയപ്പെട്ടിരുന്നത്.
ബേബി അക്ക എന്ന റാണി
മെട്രോ നഗരത്തിലെ മയക്കുമരുന്നു മൊത്ത വില്പനക്കാരിയായ ശശികല ബേബി, അക്ക എന്നും മ്യാവൂ ബേബിയെന്നുമൊക്കെയാണ് മുംബൈ നഗരത്തിൽ അറിയപ്പെട്ടിരുന്നത്.
വീട്ടിലെ ചെല്ലപ്പേരായിരുന്നു ബേബി എന്നത്. പാൽ വിറ്റ് ഉപജീവനം നടത്തിവന്ന ഒരു ശരാശരി വീട്ടമ്മയായിരുന്ന ശശികല മയക്കുമരുന്നിന്റെ ലോകത്ത് എത്തിയതോടെയാണ് അധോലോക നായികയായി മാറിയത്. അതിവേഗമുള്ള അവരുടെ വളർച്ച ആരെയും അന്പരപ്പിച്ചു.
മുംബൈ സിദ്ധാർഥ് നഗറിലെ ചേരിയിൽ ഭർത്താവ് രമേശ് പത്തങ്കറിനൊപ്പം ശശികലയുടെ ദാന്പത്യ ജീവിതം തുടങ്ങിയത് എൺപതുകളിലാണ്. ഭർത്താവും ഭർത്താവിന്റെ സഹോദരനും പ്രായമായ അമ്മായിയമ്മയും അടങ്ങുന്ന കുടുംബത്തിൽ ശശികലയുടെ ജീവിതം ദുരിതപൂർണമായിരുന്നു.
നിതൃവൃത്തിക്കു പോലും പണമില്ലാത്ത അവസ്ഥ. ഭർത്താവും സഹോദരനും മയക്കുമരുന്നിന് അടിമകളായി എന്നതാണ് ശശികലയുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കിയത്.
ജീവിക്കാൻ പാൽകച്ചവടം
മയക്കുമരുന്നിന് അടിമകളായി ജോലിക്കൊന്നും പോകാതെ ഭർത്താവും സഹോദരനും വീട്ടിൽ ചടഞ്ഞു കൂടി ഇരുന്നതോടെ നിത്യവരുമാനം ഇല്ലാതെ ശശികല ശരിക്കും പട്ടിണിയിലായി.
വീട്ടുചെലവിനുള്ള വക കണ്ടെത്തുന്നതിനേക്കാൾ മയക്കുമരുന്ന് എല്ലാ ദിവസവും എങ്ങനെ സംഘടിപ്പിക്കാം എന്നതായിരുന്നു ഭർത്താവിന്റെയും സഹോദരന്റെയും പ്രധാന ചിന്ത.
കാര്യങ്ങൾ ഇങ്ങനെ പോയാൽ വൈകാതെ താൻ പട്ടിണി കിടന്നു മരിക്കുമെന്നു ശശികലയ്ക്കു ബോധ്യമായി. അങ്ങനെയാണ് എന്തെങ്കിലും ചെയ്തു കുടുംബത്തിനു വരുമാനമുണ്ടാക്കാൻ അവൾ തീരുമാനിച്ചത്. പാൽ വില്പനയായിരുന്നു അവൾ കണ്ട തൊഴിൽ. എന്നാൽ, ഇതുകൊണ്ടും ദുരിതങ്ങൾ തീർന്നില്ല.
പാൽ വിറ്റ് അവൾക്കു ചെറിയ വരുമാനം കിട്ടിത്തുടങ്ങിയതോടെ ഭർത്താവിനും സഹോദരനും അതൊരു തഞ്ചമായി മാറി. ഒടുവിൽ ഭർത്താവിനും അയാളുടെ സഹോദരനും മയക്കുമരുന്ന് എത്തിച്ചു നൽകേണ്ട ജോലിയും അവളുടെ ചുമലിലായി. ഇതോടെ ശശികല ആകെ തകർന്നുപോയി.
വരുമാനം ചോർന്നപ്പോൾ
ഭർത്താവിനും സഹോദരനുമായി ശശികല ചെറുകിട കച്ചവടക്കാരിൽനിന്നാണ് മയക്കുമരുന്നിന്റെ ചെറുപൊതികൾ വാങ്ങിയിരുന്നത്. പാൽ വിറ്റു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും മയക്കുമരുന്ന് വാങ്ങി തീരുന്നതായി മനസിലാക്കിയ ശശികല ഒരു ഉപായം കണ്ടെത്തി.
വാങ്ങുന്ന പൊതിയിലെ മയക്കുമരുന്ന് വീണ്ടും ചെറുപൊതികളാക്കി. ഭർത്താവിനും സഹോദരനും നൽകിയ ശേഷം ബാക്കിയുള്ളത് ആവശ്യക്കാരെ കണ്ടെത്തി നൽകി. (തുടരും)