കപ്പലിലെ മേലുദ്യോഗസ്ഥര് അതിക്രൂര ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാതിയുമായി മര്ച്ചന്റ് നേവി വനിതാ കേഡറ്റുകള് കപ്പല് കപ്പനിയ്ക്കെതിരേ കോടതിയെ സമീപിച്ചു.
മാസങ്ങള് നീണ്ടു നില്ക്കുന്ന ആഴക്കടല് നാവിക പരിശീലനത്തിനിടെയാണ് സംഭവം. കപ്പല് പരിശീലന പരിപാടിക്കിടെ ലൈംഗിക പീഡനങ്ങള് പതിവാണെന്ന് രണ്ട് കേഡറ്റുകള് കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് വ്യക്തമാക്കി.
നിര്ബന്ധിച്ച് മദ്യപിച്ച് ബോധം കെടുത്തിയശേഷം കപ്പലിലെ ഫസ്റ്റ് എഞ്ചിനീയര് ക്രൂരമായി ബലാല്സംഗം ചെയ്തതായാണ് ഒരു യുവതി പരാതിയില് വ്യക്തമാക്കിയത്.
നിരന്തരമായ ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും നേരിടേണ്ടി വന്നതായാണ് മറ്റൊരു വനിതാ കേഡറ്റ് പരാതിപ്പെട്ടത്.
അമേരിക്കയിലെ പ്രമുഖ കപ്പല് കമ്പനിയായ മേര്സ്ക് ഷിപ്പ് കമ്പനിക്കെതിരെയാണ് ഗുരുതര പരാതികള് ഉയര്ന്നത്.
ഇവരുടെ എം വി അലയന്സ് ഫെയര് ഫാക്സ് എന്ന കപ്പലിലാണ് രണ്ട് വര്ഷങ്ങളിലായി കേസിന് ആസ്പദമായ സംഭവങ്ങള് നടന്നത്.
യു എസ് മര്ച്ചന്റ് മറൈന് അക്കാദമിയില്നിന്ന് പരിശീലനം പൂര്ത്തിയാക്കുന്നതിനിടെയാണ് കപ്പല് പരിശീലനത്തിന്റെ പേരില് ലൈംഗിക പീഡനം നേരിടേണ്ടി വന്നതെന്ന് രണ്ടു കേഡറ്റുകള് സമര്പ്പിച്ച പരാതിയില് പറയുന്നു.
മര്ച്ചന്റ് നേവി പരിശീലനത്തിന്റെ ഭാഗമായി കേഡറ്റുകള്ക്ക് സീ ഇയര് ട്രെയിനിംഗ് എന്ന പേരില് മാസങ്ങളോളം കപ്പലില് നിര്ബന്ധിത ജോലി ചെയ്യേണ്ടതുണ്ട്.
പരിശീലനം നല്കുന്നതിനായി അക്കാദമി കപ്പല് കമ്പനികളുമായി കരാറില് ഏര്പ്പെടാറുണ്ട്. ഇങ്ങനെ ചെയ്യുന്ന കപ്പലുകള്ക്ക് നികുതി ഇളവും നല്കാറുണ്ട്.
ഈ പരിശീലന പരിപാടിക്കിടയിലാണ് മുതിര്ന്ന കപ്പല് ജീവനക്കാരില്നിന്നും ഞെട്ടിക്കുന്ന പീഡനങ്ങള് ഇവര്ക്ക് നേരിടേണ്ടി വന്നത്.
പീഡനങ്ങള്ക്ക് വിധേയമായ ശേഷവും കപ്പലില് മാസങ്ങള് തുടരേണ്ടിവന്ന നിര്ബന്ധിത സാഹചര്യം ഇവരുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി ഇന്സൈഡര് പുറത്തുവിട്ട റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
ഹോപ് ഹിക്സ് എന്ന യുവതിയാണ് ആദ്യം പരാതിയുമായി കോടതിയെ സമീപിച്ചത്. രണ്ടു വര്ഷം മുമ്പാണ് ഇവര്ക്ക് ലൈംഗിക പീഡനത്തിന് വിധേയമാകേണ്ടി വന്നത്.
കപ്പല് പരിശീലനത്തിനു ശേഷം അക്കാദമിയില് തിരിച്ചെത്തിയ ഈ യുവതി മിഡ്ഷിപ്പ് മാന് എക്സ് എന്ന വ്യാജപേരില് തനിക്ക് കപ്പലില് നേരിട്ട ലൈംഗിക അതിക്രമങ്ങള് ഓണ്ലൈനില് തുറന്നെഴുതിയത് വന് വിവാദമായിരുന്നു.
തുടര്ന്ന്, സമാനമായ അനുഭവം മറ്റ് ചില വനിതാ കേഡറ്റുകള്ക്കും നേരിടേണ്ടി വന്നതായി ഇവര് നേരിട്ടറിഞ്ഞു. അതിനുശേഷമാണ്, സ്വന്തം പേര് വെളിപ്പെടുത്തി ഇവര് കപ്പല് കമ്പനിക്കെതിരെ രംഗത്തുവന്നത്.
സമാനമായ അനുഭവമുണ്ടായ മറ്റ് വനിതാ കേഡറ്റുകള്ക്ക് മുന്നോട്ടുവരാനുള്ള സാഹചര്യം ഒരുക്കാനാണ് ഒളിച്ചിരിക്കാതെ പരസ്യമായി രംഗത്തുവന്നതെന്ന് ഇവര് പറഞ്ഞു.
ആക്ടിവിസ്റ്റായ അഭിഭാഷക ജെ റയാന് മെലോജിയാണ് യുവതിക്കു വേണ്ടി കോടതിയില് ഹാജരായത്. തനിക്കു നേരിട്ട അനുഭവങ്ങള് ഹിക്സ് മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.
2019-ലാണ് കപ്പല് പരിശീലനത്തിനായി താന് മേര്സ്ക് ഷിപ്പ് കമ്പനിയുടെ എംവി അലയന്സ് ഫെയര് ഫാക്സ് എന്ന കപ്പലില് പോയതെന്ന് ഇവര് ഇന്സൈഡറിനു നല്കിയ അഭിമുഖത്തില് പറഞ്ഞു.
തുടക്കം മുതല് കപ്പല് ജീവനക്കാര് ലിംഗവിവേചനം കാണിച്ചിരുന്നു. കപ്പലിലെ മുതിര്ന്ന ഉദ്യോഗസ്ഥര് തന്നെ ലൈംഗികമായി സമീപിച്ചു.
ഫസ്റ്റ് എഞ്ചിനീയറായ ഒരാള് ആദ്യം പ്രണയാഭ്യര്ത്ഥന നടത്തുകയും പിന്നീട് വളരെ മോശമായി ഇടപെടുകയും ചെയ്തു. അതിനിടെയാണ്, കപ്പലില് മദ്യപിക്കുന്നതായി ബന്ധപ്പെട്ട് കമ്പനിയുടെ മാര്ഗനിര്ദേശങ്ങള് ലംഘിച്ച് നിര്ബന്ധിച്ച് മദ്യം കഴിപ്പിച്ചത്.
അമിതമായി മദ്യം കഴിക്കേണ്ടിവന്ന് ബോധരഹിതയായ താന് ഓര്മ്മ വരുമ്പോള് ഒരു മുറിയില് നഗ്നയായി ചോരയില് കുളിച്ചു കിടക്കുകയായിരുന്നു.
പതിയെ കാര്യങ്ങള് ഓര്ത്തെടുത്തപ്പോഴാണ് ഫസ്റ്റ് എഞ്ചിനീയര് തന്റെ സമീപം നഗ്നനായി നിന്ന കാര്യവും മറ്റും ഓര്മ്മ വന്നത്. അയാള് തന്നെ കൊണ്ട് നിര്ബന്ധിച്ച് ഓറല് സെക്സും ചെയ്യിച്ചു.
ബോധം വന്നശേഷം പരാതിപ്പെട്ടുവെങ്കിലും ഫസ്റ്റ് എഞ്ചിനീയര് ആരോപണം നിഷേധിച്ചു. അയാള് പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തു.
കപ്പലിന്റെ ക്യാപ്റ്റന് അടക്കം അയാള്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പരിശീലന കാലത്ത് മോശം റിപ്പോര്ട്ട് വന്നാല്, പഠനത്തെ ബാധിക്കുമെന്നും അവര് ഭീഷണിപ്പെടുത്തി.
അതിനു ശേഷം അമ്പത് ദിവസത്തോളം അതേ കപ്പലില് വീണ്ടും കഴിയേണ്ടി വന്നു. അതിഭീകരമായിരുന്നു, എല്ലാവരാലും ഒറ്റപ്പെടുത്തപ്പെട്ട് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കപ്പലില് കഴിഞ്ഞത്.
അവിടെ നിന്നു തിരിച്ചുവന്നപ്പോാണ് മറ്റ് വനിതാ കേഡറ്റുകള്ക്കും കപ്പല് പരിശീലന കാലയളവില് സമാനമായ അനുഭവങ്ങള് ഉണ്ടായിരുന്നതായി അറിഞ്ഞത്.
പരിശീലന കോഴ്സിനെ ബാധിക്കും എന്നതിനാല് ഇതിനെ കുറിച്ച് ആരും പരാതിപ്പെടാത്തതാണെന്നും മനസ്സിലാക്കി. അങ്ങനെയാണ് ഒരു വെബ്സൈറ്റില് മറ്റൊരു പേരില് തന്റെ അനുഭവം തുറന്നെഴുതിയത്.
അത് വിവാദമായതോടെയാണ് മറ്റൊരു വനിതാ കേഡറ്റു കൂടി കപ്പലിലുണ്ടായ അനുഭവം തുറന്നുപറഞ്ഞ് രംഗത്തുവന്നത്. എന്നാല്, ഇവര് പേരും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
മിഡ്ഷിപ്പ് മാന് വൈ എന്ന പേരില് അറിയപ്പെടുന്ന രണ്ടാമത്തെ വനിതാ കേഡറ്റും തനിക്കുണ്ടായ മോശം അനുഭവങ്ങളാണ് കോടതിയില് സമര്പ്പിച്ച പരാതിയില് പറയുന്നത്. ആദ്യ കേഡറ്റിന് മോശം അനുഭവമുണ്ടായ അതേ കപ്പലിലാണ് ഒരു വര്ഷത്തിനു ശേഷം ഇവര്ക്ക് ലൈംഗിക പീഡനങ്ങള് ഉണ്ടായത്.
കപ്പലിലെ ഒരു ഇലക്ട്രീഷ്യന് ടോയ്ലറ്റില് വെച്ച് തന്നെ കടന്നു പിടിച്ചതായി ഇവര് പരാതിയില് വ്യക്തമാക്കി. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയത്.
അശ്ലീല സംഭാഷണങ്ങളും ശരീരത്തിലുള്ള കൈയേറ്റങ്ങളും പതിവായിരുന്നു. പരിശീലനകാലയളവില് ആണെന്ന സൗകര്യം ഉപയോഗിച്ചാണ് ജീവനക്കാര് ഭീഷണി മുഴക്കിയിരുന്നത്.
തുടര്ന്ന് തനിക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും ആശുപത്രിയിലാവുകയും കപ്പല് പരിശീലനം പൂര്ത്തിയാക്കാതെ മടങ്ങേണ്ടി വരികയും ചെയ്തതായി ഇവര് പരാതിയില് പറയുന്നു.
രണ്ട് പരാതികളും ഒരു കമ്പനിയുടെ ഒരേ കപ്പലിലാണ് നടന്നത്. രണ്ട് സംഭവങ്ങളും വ്യത്യസ്ത വര്ഷങ്ങളിലാണ് നടന്നത്.
കപ്പല് ക്രൂ മാറിയാലും വനിതാ കേഡറ്റുകള്ക്ക് മോശം അനുഭവമാണ് ഉണ്ടാവുന്നത് എന്നതിന് തെളിവാണ് ഇതെന്ന് ഇവരുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.
സ്ത്രീകള്ക്ക് ജോലി ചെയ്യാനാവാത്ത മോശം സാഹചര്യം കപ്പലില് ഉണ്ടായതിനു കാരണം കമ്പനിയുടെ അനാസ്ഥയാണെന്നും അവര് വിശദീകരിച്ചു.
സംഭവത്തില് കപ്പല് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില് തന്നെ സംഭവം ഇതിനോടകം ചര്ച്ചയായിട്ടുണ്ട്.