ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച വിജയ് ചിത്രം മെർസലിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി. റിലീസ് ചെയ്യാനുള്ള തെലുങ്ക് പതിപ്പിലെ രംഗങ്ങളാണ് വെട്ടിമാറ്റിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സമ്മർദ്ദത്തെ തുടർന്നാണു രംഗങ്ങൾ വെട്ടിമാറ്റുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി 400ൽ അധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
അതേസമയം, തെലുങ്ക് പതിപ്പിന് ഇതേവരെ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജിഎസ്ടിയെക്കുറിച്ചുള്ള ക്ലൈമാക്സിലെ പരാമർശം വെട്ടിമാറ്റിയിട്ടും സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് സിബിഎഫ്സി. ഇതോടെ അദിരിന്ദി എന്ന പേരിൽ വെള്ളിയാഴ്ച പുറത്തിറങ്ങാനിരുന്ന മെർസലിന്റെ റിലീസ് അവതാളത്തിലായി.
മൃഗക്ഷേമബോർഡിന്റെ എതിർപ്പിനെത്തുടർന്ന് തമിഴ് ട്രെയിലറിൽ മൃഗങ്ങളെ ഉപയോഗിക്കുന്ന ഭാഗങ്ങളുൾപ്പടെ വെട്ടിമാറ്റിയാണ് മെർസലിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങിയത്.