കൊല്ലം : കൊറോണ പോലെയുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് തടയാന്‍ ജനകീയ ഇടപെടലോടുകൂടിയ പ്രതിരോധ പരിപാടികള്‍ അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ആരോഗ്യ ജാഗ്രത ട്വന്റി ട്വന്റിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം രോഗപ്രതിരോധ നടപടികളെ വിജയിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. നിപ അടക്കമുള്ള രോഗങ്ങളുടെ വ്യാപനം ഫലപ്രദമായി തടയുന്ന മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സമാനമായ ജാഗ്രതയാണ് കൊറോണയുടെ കാര്യത്തിലും നാം കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹോമിയോ വകുപ്പിന്റെ യോഗ ഡാന്‍സ്, തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം അവതരിപ്പിച്ച ഓട്ടന്തുള്ളല്, അര്‍ബന്‍ ആശ പ്രവര്‍ത്തകരുടെ ആരോഗ്യ സന്ദേശ തിരുവാതിര എന്നിവ ശ്രദ്ധേയമായി.
ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശ ബൈക്ക് റാലിയും നടന്നു. കൊല്ലം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിഷയാവതരണം നടത്തി.
എം മുകേഷ് എം എല്‍ എ, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പി ജെ രാജേന്ദ്രന്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാ ദേവി, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .വി വി ഷേര്‍ലി, ആയുര്‍വേദ ഡി എം ഒ ഡോ. എഫ് അസുന്തമേരി ,ഹോമിയോ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അശോക് കുമാര്‍, ഡോ. സന്ധ്യ ആര് തുടങ്ങിയവർ പ്രസംഗിച്ചു.