കൊല്ലം: മത്സ്യത്തിന്റെ ലേലത്തിലും വിപണനത്തിലും കാലോചിത മാറ്റം വരുത്താനും ഗുണനിലവാരം ഉറപ്പാക്കാനുമായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ മത്സ്യദിനാഘോഷത്തിന്റെ ഉദ്ഘാടനവും മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും കൊല്ലം സിഎസ്ഐ കണ്വന്ഷന് ഹാളിൽ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സ്യോത്പാദനം ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 68,000 ഹെക്ടര്‍ വിസ്തൃതിയില്‍ ജലാശയങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ 20 ശതമാനം മാത്രമാണ് മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തേക്കു കൂടി കൃഷി വ്യാപിപ്പിക്കാനുള്ള സാഹചര്യമൊരുക്കാനാണ് തീരുമാനം. കൃഷിയിടങ്ങളില്‍ ഇടവിളയായി മത്സ്യകൃഷി പരീക്ഷിക്കാനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
പരമാവധി ജലാശയങ്ങള്‍ മീന്‍വളര്‍ത്തലിനായി ഉപയോഗിക്കുക വഴി അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കാനാകും. പഞ്ചായത്തുകള്‍ മത്സ്യകൃഷി വ്യാപനത്തിന് മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം. മത്സ്യഭവനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്. സീഡ് ആക്ട് നടപ്പിലാക്കുക വഴി മത്സ്യക്കുഞ്ഞുങ്ങളുടെ ഉദ്പാദന വര്‍ധനയും ഗുണനിലവാരവും ഉറപ്പാക്കാനാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യക്കുഞ്ഞുങ്ങളെയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും.
മത്സ്യതീറ്റ ഉദ്പാദനത്തിനായി കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് പുതിയൊരു തൊഴില്‍മേഖല കൂടി സൃഷ്ടിക്കുകയാണ്. മത്സ്യോദ്പാദന മാര്‍ഗങ്ങളെല്ലാം പ്രയോജനപ്പെടുത്തി ഉത്പാദനം 80,000 ടണിലേക്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിലൂടെയും മത്സ്യകര്‍ഷക ഏജന്‍സികള്‍ രൂപീകരിച്ചും മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ മത്സ്യകൃഷി മേഖലയിലെ മികവിനുള്ള പുരസ്കാരങ്ങള്‍ പ്രദീപ് ജേക്കബ്, ലൈജു ജോണി, പി. കെ. സുധാകരന് എന്നിവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോഷന് മികവിനുള്ള പുരസ്കാരം ചിറക്കര ഗ്രാമപഞ്ചായത്തിനും മന്ത്രി സമ്മാനിച്ചു.
എം. നൗഷാദ് എംഎല്‍എ അധ്യക്ഷനായി എന്‍.കെ പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തി. കോര്പറേഷന് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മത്സ്യകര്‍ഷക അവാര്‍ഡ് നിര്‍ണയ സമിതി ചെയര്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്‍പ്പശാലയും നടന്നു.