കോട്ടയം: അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ വഴിയില്ലാത്തതിനാൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ജില്ലാ ശിശുക്ഷേമ സമിതി. കൊഴുവനാൽ സ്വദേശിനി സ്മിത ആന്റണിയുടെ മൂന്ന് മക്കളിൽ രണ്ട് പേർക്ക് ഓട്ടിസം ബാധിക്കുകയും, അതിൽ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ കൂടി ഉണ്ടാവുകയും ചെയ്തതോടെ കുടുംബം ദുരിതത്തിലായി.
ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗം ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ല.അതിനാൽ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം കോട്ടയത്ത് സ്മിത വാർത്താ സമ്മേളനം നടത്തിയിരുന്നു.
അതിനു പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങൾ സ്മിതതേയും കുടുംബത്തേയും സന്ദർശിക്കുകയും കുട്ടികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി എടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ചെയർമാൻ ഡോ. അരുൺ കുര്യന്റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങൾ സ്മിതയുടെ വീട്ടിലെത്തിയത്.
രോഗബാധിതരായ രണ്ട് കുട്ടികളുടെയും നേരിട്ട് കാണുകയും അവരുടെ അവസ്ഥ മനസിലാക്കുകയും ചെയ്തു. കുട്ടികൾക്ക് മതിയായ പരിചരണവും ചികിത്സയും നൽകാൻ പഞ്ചായത്തിന്റെ ഇടപെടൽ ഉറപ്പാക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ വ്യക്തമാക്കി. വിഷയം കളക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാരിന്റേയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.