കൊല്ലം: അലുവ കിണ്ടിയും ഉണ്ണിയപ്പം ചുട്ടും പരുവം പറഞ്ഞു മന്ത്രി മേഴ്സിക്കുട്ടിയമ്മ പാചകക്കാർക്ക് ഒപ്പം കൂടിയത് കാഴ്ചക്കാർക്ക് കൗതുകമായി .ഓണപലഹാരമുണ്ടാക്കൽ മത്സരം നാടിനെ ഓണ ലഹരിയിലാക്കി. ശർക്കരയുടേയും നെയ്യിന്റേയും മധുരം കിനിയുന്ന മണം അന്തരീക്ഷത്തിൽ നിറഞ്ഞു. ആഘോഷ തിമർപ്പായി യുവാക്കൾ ആർപ്പുവിളിച്ച് അലുവ കിണ്ടി.
വനിതകൾ ഈന്തപ്പഴം, പൈനാപ്പിൾ, ഏത്തക്ക തുടങ്ങി വൈവിധ്യങ്ങളായ കൂട്ടുകളിൽ പായസമൊരുക്കിയും ഉണ്ണിയപ്പം ചുട്ടും അവിലുവിളയിച്ചും മത്സരത്തിന് ആവേശം കൂട്ടി.നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ 59–ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഓണം മധുരം എന്ന പേരിൽ പലഹാരമുണ്ടാക്കൽ മത്സരവും അലുവ കിണ്ടലും സംഘടിപ്പിച്ചത്.
മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓണപ്പഴമയുടെ ആവേശ ലഹരിയിൽ മത്സരാർഥികൾക്കൊപ്പം ചേരുകയായിരുന്നു.സ്ഥിരം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പലഹാരങ്ങളുടേയും അലുവയുടേയും മൊക്കെ നിർമാണത്തിൽ പങ്കെടുത്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ഓണോത്സവത്തിന് മാറ്റ് കൂട്ടി ഓണക്കളികളും നാടൻ വിഭവങ്ങളുമായി ഓണക്കടയും ഒരുക്കിയിരുന്നു. ദോശയും വിവിധ കൂട്ടുകളിലുള്ള ചമ്മന്തികളും കടലക്കറിയും പപ്പടവുമൊക്കെയായി ഓണക്കട പഴമയെ പുനരാവിഷ്കരിച്ചു.