കരുനാഗപ്പള്ളി: പ്രകൃതിദത്തമായ ജലാശയങ്ങളെ ജനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയണമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മപറഞ്ഞു. ആയിരംതെങ്ങു ഫിഷ് ഫാമിൽ ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീൻതോട്ടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.നമ്മുടെ സവിശേഷമായ ഉൾനാടൻ ജലാശയങ്ങൾ കർഷകർക്ക് പ്രയോജനമുള്ള രീതിയിൽ ലാഭകരമായി ഉപയോഗിക്കാൻ കഴിയണം.
ലാഭകരമായി കൃഷിയിലൂടെ മത്സ്യലഭ്യത വർധിപ്പിച്ച് തൊഴിൽ മാർഗം വികസിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യം ഇല്ലാതെ ഭക്ഷ്യം ഇല്ല എന്ന് ശീലമുള്ള മലയാളിക്ക് ശരാശരി ഇരുപത്തിനാല് കിലോഗ്രാം മത്സ്യത്തിന്റെ ഉപഭോഗമാണ് ഉള്ളത്. ഇന്ത്യയിൽ ശരാശരി ഇത് മൂന്ന് മുതൽ മൂന്നര കിലോഗ്രാം വരെ മാത്രമാണ്.
മാലിന്യമില്ലാത്ത ജലത്തിലാണ് മത്സ്യോൽപാദനം കൂടുതലുണ്ടാവുക. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഉൾനാടൻ മത്സ്യകൃഷി മൂന്നുമുതൽ നാലിരട്ടി വരെ വർധിപ്പിക്കാൻ കഴിയണം. ഇതു കൂടി മുന്നിൽ കണ്ടാണ് മുറ്റത്തൊരു മീൻ തോട്ടം പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്കായി ഗുണനിലവാരമുള്ള വിത്തും മറ്റ് സഹായങ്ങളും ഫിഷറീസ് വകുപ്പ് ലഭ്യമാക്കും. ആദ്യഘട്ടത്തിൽ പ്രളയ ദുരന്തം ബാധിച്ച കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കർഷകർക്കുള്ള പരിശീലന പരിപാടിയാണ് ആയിരംതെങ്ങിൽ തുടങ്ങുന്നത് പ്രധാനമായും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കണ്ടൽകാടുകളെ തീരസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആർ രാമചന്ദ്രൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ സഹദേവൻ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ഗ്രാമപഞ്ചായത്ത് അംഗം പി. സലിന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാരായ എച്ച് സലീം, എം സിയാർ അസാക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അജയൻ, കെ എ ഫ്രാൻസിസ്, ആയിരംതെങ്ങ് അഡാക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രിയ ജയസേനൻ തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് ആയിരം ചെറുകിട മത്സ്യ യൂണിറ്റുകൾ സ്ഥാപിച്ച് ഇതിന്റെ ഗുണഭോക്താക്കൾക്ക് ആവശ്യമായ മത്സ്യം, സാങ്കേതിക പരിശീലനം എന്നിവ നൽകുന്നതിനാണ് മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ 1500 ടൺ മത്സ്യം കൂടി അധികം ഉൽപ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രിയ ജയസേനൻ പറഞ്ഞു. കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.