കരുനാഗപ്പള്ളി: മനുഷ്യരിൽ വർഗീയ ചിന്ത വളർത്തി സമൂഹത്തെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.വി.വി.വേലുക്കുട്ടി അരയന്റെ 1 2 3–ാം ജന്മദിനാഘോഷം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഹിന്ദു വർഗീയതയെ ആളിക്കത്തിച്ച് ദളിതരെയും പിന്നോക്കക്കാരെയും ഉൾപ്പെടെ തങ്ങളുടെ പിന്നിൽ അണിനിരത്താം എന്നതിന്റെ വിജയമാണ് യുപിയിലെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇവിടെയാണ് വർഗ രാഷ്ര്ടീയത്തിന്റെ പ്രസക്തി.
ഡോ.വി.വി. വേലുക്കുട്ടി അദ്ദേഹത്തിന്റെ പേരിനൊപ്പം അരയൻ എന്ന പേരു കൂടി സ്വീകരിച്ചത് ഒരു ജനസമൂഹത്തിനു വേണ്ടിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റ് സാമൂഹ്യ നവോഥാന നായകരോടൊപ്പം വളരെ സംഭാവനകൾ സമൂഹത്തിനു പകർന്നു നൽകിയ അദ്ദേഹത്തെ വേണ്ട വിധം പഠിക്കാനും ആദരിക്കാനും ഇന്നത്തെ സമൂഹത്തിനായിട്ടില്ലായെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ചടങ്ങിൽ കെ എൻ ബാലഗോപാൽ എംപി അധ്യക്ഷത വഹിച്ചു. ഡോ. വേലുക്കുട്ടി അരയൻ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം എൻ ബാലഗോപാൽ എംപി വിപ്ലവ ഗായിക പി.കെ. മേദിനിക്ക് നൽകി നിർവഹിച്ചു.
പി.ആർ.വസന്തൻ, എം.അൻസാർ, ഡോ. പി.കെ. ഗോപൻ, ആർ.രജപ്രിയൻ, ജെ.ഡെന്നീസ്, എം.ശശിധരൻ, നാഗേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പുസ്തക രചയിതാക്കളെയും വിദ്യാഭ്യാസ പ്രതിഭകളെയും വി വി ശശീന്ദ്രൻ ആദരിച്ചു. അരയൻ പത്രത്തിന്റെ ശതാബ്ദി വിളംബര ബ്രോഷർ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. ചെമ്മീൻ ഒരു നിരൂപണം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ കെ.സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു.