ചാത്തന്നൂർ: സ്ത്രീകൾ പൊതുരംഗത്ത് സജീവമായെങ്കിൽ മാത്രമേ സ്ത്രീ പുരുഷ സമത്വം നടപ്പിൽ വരുത്താൻ കഴിയുകയുള്ളുവെന്ന് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഭാരതീയ പൈതൃകവും ദ്രാവിഡ സംസ്കാരവും സ്ത്രീ പുരുഷ സമത്വത്തിൽ അധിഷ്ഠിതമാണ്. സ്ത്രീകളുടെ സംവരണ കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി നിലകൊള്ളണം. 33 ശതമാനം സംവരണമെന്നത് സ്ത്രീകളുടെ സ്വപ്നവും ദീർഘകാലമായുള്ള ആവശ്യവുമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, കൊല്ലം ശ്രീ നാരായണാ വനിതാ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രഫ. സുലഭ, വനിതാ സംഘം സെക്രട്ടറി ഗീതാ അനിരുദ്ധൻ, ജി.രജിത, രാജമല്ലി രാജൻ, ഡോ.ആർ.എം.അമ്യത് രാജ്, എന്നിവർ പ്രസംഗിച്ചു.