ആർപ്പുവിളിയുമായി ചുറ്റുംകൂടിയ ചലച്ചിത്രപ്രേമികളോട് നടൻ ജയസൂര്യയെ ചേർത്തുപിടിച്ച് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും, എ.കെ. ശശീന്ദ്രനും വി.എസ്. സുനിൽകുമാറും ഒരേ സ്വരത്തിൽ പറഞ്ഞു,” ഇവനാണ് ഞങ്ങ പറഞ്ഞ നടൻ….’
അപ്പോൾ കാണികളുടെ മുഖത്തും ഒരു സന്തോഷച്ചിരി വിരിഞ്ഞു. പ്രിയ നടനൊപ്പം സെൽഫിയെടുക്കാനോടിയെത്തിയ ആരാധകരെ, മധുരം പങ്കിടാൻ കൂടി ജയസൂര്യ ക്ഷണിച്ചതോടെ അവരുടെ സന്തോഷം അണപൊട്ടി. തുടർന്ന് മന്ത്രിമാരോടും ആരാധകരോടുമൊപ്പം ചേർന്ന് താരം കേക്കു മുറിച്ചു.
മേരിക്കുട്ടിയുടെ വിജയം സാധ്യമാക്കിയ എല്ലാവർക്കും ജയസൂര്യ നന്ദി പറയുകയും ചെയ്തു. തിരുവനന്തപുരത്തെ ഏരീസ്പ്ലക്സ് തിയറ്റിൽ ജയസൂര്യയുടെ പുതിയ സിനിമയായ ഞാൻ മേരിക്കുട്ടി കാണാൻ ഇന്നലെ വൈകുന്നേരമാണ് മന്ത്രിപ്പട എത്തിയത്. മന്ത്രിമാർക്കൊപ്പം സ്പീക്കറും എംഎൽഎമാരും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും കോണ്ഗ്രസ് നേതാവ് പന്തളം സുധാകരനും കൂടി എത്തിയതോടെ അരങ്ങ് കൊഴുത്തു. എല്ലാവരും ജയസൂര്യയ്ക്കൊപ്പം ഒരുമിച്ചിരുന്നു സിനിമ കണ്ടു.
മേരിക്കുട്ടിയെ കാണാനെത്തിയ മന്ത്രിപ്പടയ്ക്ക് ആവേശത്തിമിർപ്പിന്റെ വരവേൽപ്പ് ഒരുക്കി ആരാധകരും പുറത്തു കാത്തുനിന്നു. സിനിമ കണ്ടിറങ്ങിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർക്ക് സിനിമയെക്കാളേറെ പറയാനുണ്ടായിരുന്നത് ഞാൻ മേരിക്കുട്ടിയിലെ മേരിക്കുട്ടിയായുള്ള ജയസൂര്യയുടെ പകർന്നാട്ടത്തെ കുറിച്ചായിരുന്നു.
കഥാപാത്രമായി മാറിയ ജയൻ അന്പരിപ്പിച്ചെന്ന് അവർ പറഞ്ഞു. ഒപ്പം മലയാളസിനിമയിൽ കലാമൂല്യ സിനിമയ്ക്കൊപ്പം വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന നടനെ ചേർത്തു പിടിച്ച് അകമഴിഞ്ഞ അഭിനന്ദനം അറിയിക്കാനും ആരും മറന്നില്ല.ജയസൂര്യയെ അഭിനന്ദിച്ചതിനോടൊപ്പം സ്പീക്കർ പി. ശ്രീരാമകൃഷ്ണനു പറയാനുണ്ടായിരുന്നത് സിനിമ മുന്നോട്ടു വയ്ക്കുന്ന സന്ദേശത്തെ കുറിച്ചായിരുന്നു.
സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകൾ കുറഞ്ഞു വരുന്ന കാലത്ത് ഞാൻ മേരിക്കുട്ടി ശ്രദ്ധേയമായ ഒരു സിനിമ തന്നെയാണെന്ന് സ്പീക്കർ പറഞ്ഞു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജീവിതത്തിലെ യാഥാർഥ്യം നിറഞ്ഞ മുഹൂർത്തങ്ങൾ ശ്രദ്ധയോടെ ആവിഷ്കരിച്ച അണിയറപ്രവർത്തകർക്കും അദ്ദേഹം നിറഞ്ഞ കൈയടി നൽകി. സിനിമയുടെ സംവിധായകൻ രഞ്ജിത് ശങ്കറിനെ സ്പീക്കർ പ്രത്യേക അഭിനന്ദനം അറിയിച്ചു.
ഒട്ടും ബോറടിക്കാതെ ഒരു സിനിമ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. വലിയ നടനായി മാറിക്കഴിഞ്ഞ ജയസൂര്യയ്ക്ക് ഇനിയും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. എംഎൽഎമാരായ എം.കെ. മുനീറും കെ.എസ്. ശബരീനാഥനും സിനിമ കാണാൻ എത്തിയിരുന്നു.