കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് അങ്കണത്തിൽ കണ്ണീർപൂക്കൾ പോലെ ആ ചിത്രങ്ങൾകണ്ട് ഏറെപ്പേർ വിതുന്പി. ചിക്മംഗളൂരിൽ മരിച്ച മെറിന്റെയും ഐറിന്റെയും ഓർമകളിൽ സഹപാഠികളുടെ മനസ് നീറി. കാന്പസിലൂടെ ഓടിനടന്ന കുട്ടികൾ. പഠനത്തിൽ മിടുക്കർ. ബിരുദ മൂന്നാം വർഷ വിദ്യാർഥികളെന്ന നിലയിൽ കോളജിൽ ഏവരും അറിയുന്നവർ.
ആറു ദിവസം മുന്പ് ഇതേ കവാടത്തിൽ വന്നുനിന്ന ടൂറിസ്റ്റ് ബസിൽ കയറി കൈവീശി യാത്രയാകുന്പോൾ ഇരുവരും ഇനി തിരിച്ചുവരില്ലെന്ന് ആരും കരുതിയില്ല. മറ്റ് ക്ലാസിലെ കൂട്ടുകാർക്ക് എസ്എംഎസും സെൽഫിയും അയയ്ക്കാൻ മത്സരിച്ചവർ. മരണത്തിന് ഒരു മണിക്കൂർ മുൻപ് കൂട്ടച്ചിത്രം അയച്ച് സന്തോഷം അറിയിച്ചവർ. വെള്ളിയാഴ്ച കറുത്ത രാത്രിയിൽ ദുരന്തം പോലെ വന്നു വീഴുകയായിരുന്നു ആ മരണവാർത്ത.
രാത്രി ഉറങ്ങാതെ അമൽജ്യോതി കുടുംബം ചിക്മഗലൂരിലെ വിവരങ്ങൾക്കായി വിളിച്ചുകൊണ്ടിരുന്നു. കോളജിൽനിന്ന് അധ്യാപകരുടെ ഒരു നിര അപ്പോൾതന്നെ അപകടസ്ഥലത്തേക്കു പുറപ്പെട്ടു. വയനാട്ടുകാരി യായ ഐറിന്റെ മൃതദേഹം അമൽ ജ്യോതിയിലേക്കു കൊണ്ടുവരുന്നില്ല. മെറിന്റെ ചേതനയറ്റ ശരീരം നാളെ ഉച്ചകഴിഞ്ഞ് ഈ കാന്പസിലേക്കു സഹപാഠികൾ സംവഹിക്കും.