കുറവിലങ്ങാട്: ‘ഇത്രയും കടുകൈ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല’. ഏക സഹോദരിയുടെ ആകസ്മിക വിയോഗത്തിൽ വിലപിക്കുന്ന മീരയുടേതാണ് ഈ വാക്കുകൾ. അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ ഓർമ്മകളിൽ നിറയുകയാണ് മീര.
ദാന്പത്യപ്രശ്നങ്ങളും വാക്കുകളിൽ അസ്വാരസ്യവും ഭീഷണിയുമൊക്കെ ഉയർത്തിയിട്ടുണ്ടെങ്കിലും ജീവൻ അപഹരിക്കുന്ന കടുംകൈ ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ചേച്ചിയുടെ വഴിയേ തന്നെ നഴ്സിംഗ് ബിരുദധാരിയായ മീരയുടെ വാക്കുകൾ.
ഇത്തരത്തിലൊരു ഭീഷണി നിലനിന്നിരുന്നതായി ചേച്ചിയും വിശ്വസിച്ചിരുന്നില്ലെന്നാണ് മീര കരുതുന്നത്. മെറിൻ മരിച്ചുവെന്ന് മീരയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. എന്തോ അപകടം സംഭവിച്ച് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് മനസുപറയുന്നത്.
അവൾ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളത്. മനസ് തുറക്കുന്പോൾ മീരയുടെ കണ്ണുകളിൾ സഹോദരസ്നേഹം തീർക്കുന്ന തണുപ്പ്. അടുത്തനാളിൽ മെറിന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായതായി മീര പറയുന്നു.
പുതിയ ജോലിയുമായി ബന്ധപ്പെട്ട് ഫോണ് ഇന്റർവ്യൂവിൽ മെറിൻ ഹാജരാകുന്ന സമയം ഭർത്താവ് നെവിൻ തുടർച്ചയായി ഫോണിൽ വിളിച്ചതോടെ നെവിനെ മെറിൻ ബ്ലോക്ക് ചെയ്തതായും മീര പറയുന്നു. ഇതും അടുത്തനാളിൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ ഇടയായതായി മീര വിലയിരുത്തുന്നുണ്ട്.
ചേച്ചിയുടെ ചേതനയറ്റ ശരീരം ഉൗരാളിൽ വീട്ടിലേക്ക് എത്തുമെന്നറിയുന്പോൾ ചേച്ചി മരിച്ചിട്ടില്ലെന്ന് മനസ് പറയുന്നത് ശരിയല്ലെന്ന് വിശ്വസിക്കാൻ മീര നിർബന്ധിതയാകുകയാണ്.