കാഞ്ഞിരപ്പള്ളി: ചിക്മംഗളൂരിലെ വാഹനാപകടത്തിൽ മരിച്ച അമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി മെറിൻ സെബാസ്റ്റ്യന്റെ (20) മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിൽ പൊതുദർശനത്തിനു വയ്ക്കും. വിദ്യാർഥികളും അധ്യാപകരും കോളജ് മാനേജ്മെന്റും അന്തിമോപചാരം അർപ്പിക്കും.
ഒരു മണിക്കൂറിനു ശേഷം മുണ്ടക്കയം വരിക്കാനിയിലുള്ള വസതിയിലേക്കു മൃതദേഹം കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ 10.30നു മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടക്കും. മെറിന്റെ മൃതദേഹം ഇന്നലെ പുലർച്ചെ മൂന്നിന് കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രി മോർച്ചറിയിലെത്തിച്ചു.
മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിളയുടെ (സീനിയർ പോലീസ് ഓഫീസർ പീരുമേട് പോലീസ് സ്റ്റേഷൻ) മകളാണ് മെറിൻ സെബാസ്റ്റ്യൻ. മരണമടഞ്ഞ മറ്റൊരു വിദ്യാർഥിനിയായ വയനാട് സുൽത്താൻ ബത്തേരി തൊടുവെട്ടി പുത്തൻകുന്ന് പാലീത്ത്മോളേൽ പി.ടി. ജോർജിന്റെ (സബ് ഇൻസ്പെക്ടർ കേരള പോലീസ്) മകൾ ഐറിൻ മരിയ ജോർജിന്റെ സംസ്കാരം ഇന്നലെ രാവിലെ 10.30ന് വയനാട് ബത്തേരി തൊടുവെട്ടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.
അമൽ ജ്യോതി കോളജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബാച്ചിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കർണാടകയിലെ മാഗഡി അണക്കെട്ടിനുസമീപം വെള്ളിയാഴ്ച രാത്രി 8.30ന് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.
ട്രാക്ടറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.