ടെലിവിഷന്‍ അവതാരകയും മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി.
കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിന്‍ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലെ ഫ്ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
2014ല്‍ ആണ് മെറിനും തിരൂര്‍ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിന്‍ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കള്‍ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് മെറിന്‍ മരിച്ച വാര്‍ത്ത അറിയുന്നത്.
മെറിന്റെ കൈകളില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു. മെറിന്‍ തൂങ്ങിമരിക്കാന്‍ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകള്‍ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിന്‍ സന്തോഷത്തില്‍ ആയിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
മെറിന്റെ മരണശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയര്‍ത്തുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു. മെറിന്റെ മാതാപിതാക്കളില്‍നിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു.