മാതാപിതാക്കള്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതി പ്രധാനമാണ്. വിവാഹമെന്നതു രണ്ടുപേര്‍ തമ്മിലുള്ള കൂടിച്ചേരലാണ്.
പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വീട്ടുജോലിക്കു വിടുന്നതല്ല. സ്വന്തം കാലില്‍ നില്ക്കാന് അവള് പ്രാപ്തയാകണമെന്നു മാതാപിതാക്കള്‍ പഠിപ്പിക്കണം. അവള്‍ക്കു ധൈര്യം പകരണം.
ഭര്‍ത്താവിന്റെ വീട്ടില്‍ അടിയും ചവിട്ടുമേറ്റു മാനം രക്ഷിക്കേണ്ടവളല്ല സ്ത്രീ. അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കുടുംബത്തില്‍ ഉണ്ടാകണമെന്ന് ഏവരും തിരിച്ചറിയണം.
മറ്റൊരാളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ചെറുപ്പത്തിലേ ഈ വിഷയത്തില്‍ അവബോധം നല്‍കേണ്ടതുണ്ട്. നമ്മുടെ പാഠ്യപദ്ധതികളിലും ഈ വിഷയം ഉള്‍പ്പെടുത്തണം.
ആണ്‍കുട്ടികള്‍ക്കും ഈ വിഷയത്തില്‍ ചെറുപ്പത്തിലേ അറിവു നല്‍കണം. സ്ത്രീധനം ഒഴിവാക്കണമെന്നു പറയുമ്പോഴും സ്വത്ത് പങ്കുവയ്ക്കുമ്പോള്‍ സ്ത്രീകളെ അവഗണിക്കുന്ന ശൈലിക്കെതിരേ ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
റെജിന്‍ ജോര്‍ജ് (ലക്ചറർ,ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ്, എറണാകുളം)