കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിലായി നാട്ടിലെത്തിക്കാനാകുമെന്ന് കരുതുന്നതായി മെറിന്റെ പിതാവ് മോനിപ്പള്ളി ഉൗരാളിൽ ജോയി പറഞ്ഞു.
ജോയിയുടെ അമ്മാവന്മാരും കുടുംബവും മെറിന്റെ മരണം നടന്ന സ്ഥലത്തിനു സമീപത്തായാണ് താമസം. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഈ വെള്ളിയാഴ്ച മൃതദേഹം ഏറ്റുവാങ്ങാനാകുമെന്നാണ് കരുതുന്നത്.
തുടർന്ന് ഞായറാഴ്ച പൊതുദർശനത്തിന് വയ്ക്കാനാണ് ശ്രമങ്ങൾ. ഞായറാഴ്ച രണ്ടുമുതൽ ആറുവരെ പൊതുദർശനം നടത്തി മൃതദേഹം നാട്ടിലെത്തിക്കാനായി ന്യൂയോർക്കിലേക്ക് കൊണ്ടുപോകും.
ശന്പളവും കുടുംബബന്ധങ്ങളും വില്ലനായെന്ന് ബന്ധുക്കൾ
മെറിൻ അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെ ശന്പളത്തെ ചൊല്ലി നെവിൻ തർക്കങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ ശന്പളം പൂർണമായും നെവിന്റെ അക്കൗണ്ടിൽ ഇടണമെന്നായിരുന്നു നിർദ്ദേശമെന്നും ഇതിനെ എതിർത്താൽ വഴക്ക് പതിവായിരുന്നെന്നും പിതാവ് പറയുന്നു.
മെറിന്റെ വീട്ടുകാരുമായി മെറിൻ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും മെറിന്റെ വീടിനെ സാന്പത്തികമായി സഹായിക്കുന്നതിനെ എതിർത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു.
ഫോട്ടോയെ ചൊല്ലി അടുത്തനാളിൽ തർക്കം
വേർപിരിഞ്ഞ് കഴിയുന്നതിനിടയിൽ നെവിൻ മെറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലി നെവിനും മെറിനുമായി അടുത്തനാളുകളിൽ വഴക്കുണ്ടായെന്ന് മെറിന്റെ ബന്ധുക്കൾ.
മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിൻ ഫേസ്ബുക്കിൽ പങ്കുവെച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിൻ ചോദ്യം ചെയ്തിരുന്നു. ഇതിനെചൊല്ലി ഇരുവരുമായി ഫോണിൽ വാക്കേറ്റമുണ്ടാക്കിയെന്നും പറയുന്നു.
നെവിനെതിരെ അമേരിക്കയിലും കേസുണ്ടെന്ന് പിതാവ്
മെറിനെ ശാരീരികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് നെവിനെതിരേ അമേരിക്കയിലും പോലീസ് നടപടികളുള്ളതായി പിതാവ്. അമേരിക്കയിൽ ഒരുമിച്ച് താമസിക്കവേ മെറിനെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ സമയം മെറിന്റെ മാതാവും ഇവരോടൊപ്പം അമേരിക്കയിലുണ്ടായിരുന്നു.
മാനസികമായി അസ്വാസ്ഥ്യമുള്ളതായി സംശയിച്ചതോടെ കൗണ്സിലിംഗിനടക്കം നെവിനെ വിധേയനാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായും പിതാവ് പറയുന്നുണ്ട്.