കുറവിലങ്ങാട്: അകാലത്തിൽ പൊലിഞ്ഞ മെറിനെ ഓർത്ത് ഉറ്റവരും ഉടയവരും നാളെ നാട്ടിൽ ഒത്തുചേരും. അങ്ങ് ഭൂഖണ്ഡങ്ങൾക്കപ്പുറം മെറിന്റെ ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങുന്പോൾ ഇങ്ങ് മെറിന്റെ ഓർമകൾ തിരതല്ലുന്ന മോനിപ്പള്ളി ഉൗരാളിൽ വീട്ടിലാവും ഉറ്റവർ സംഗമിക്കുക. പ്രിയപ്പെട്ട മെറിന് കംപ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ചിത്രങ്ങളിലൂടെ അവർ യാത്രാമൊഴിയേകും.
മെറിന്റെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.30ന് ഉൗരാളിൽ വീട്ടിൽ എല്ലാം ലൈവായി തെളിയും. സ്ക്രീനിൽ തെളിയുന്ന അന്ത്യയാത്രാമൊഴിക്കപ്പുറം മാതാപിതാക്കളുടേയും സഹോദരിയുടേയും ഹൃദയത്താളിൽ മെറിന്റെ ഓർമ്മചിത്രങ്ങളാകും മിന്നിമറയുക. ഇതൊന്നുമറിയാതെ മെറിന്റെ മകൾ നോറ എല്ലാവർക്കുമൊപ്പമുണ്ടാകും.
മെറിന്റെ സംസ്കാരം നടക്കുന്ന നാളെ വൈകുന്നേരം അഞ്ചിന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും.
തുടർന്ന് അമേരിക്കയിൽ നടക്കുന്ന മൃതസംസ്കാരശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണത്തിലൂടെ മെറിന് യാത്രാമൊഴിയേകാനായി ഉൗരാളിൽ വീട്ടിൽ ഒത്തുചേരാനാണ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പാർക്കിംഗ് ഏരിയയിൽ എത്തിയ മെറിനെ ഭർത്താവ് നെവിൻ കുത്തികൊലപ്പെടുത്തിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിയാത്ത സാഹചര്യമായിരുന്നു.
സംസ്കാരം നാളെ അമേരിക്കയിൽ
കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവ് കുത്തികൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഉൗരാളിൽ മെറിൻ ജോയി(28)യുടെ സംസ്കാരം നാളെ അമേരിക്കയിൽ നടത്തും.
താംപയിലെ തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിലാണ് സംസ്കാരം. നാളെ അമേരിക്കൻ സമയം രാവിലെ 11ന് ആരംഭിയ്ക്കുന്ന സംസ്കാരശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടിന് സമാപിക്കും. മൃതദേഹം ഇന്നലെ അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങി.
ഇന്നലെ അമേരിക്കൻ സമയം രണ്ടുമുതൽ ആറുവരെ മൃതദേഹം ഫ്ളോറിഡയിൽ പൊതുദർശനത്തിന് വെച്ചു. പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു.