കുറവിലങ്ങാട്: അമേരിക്കയിൽ ഭർത്താവ് കുത്തിയും കാർ കയറ്റിയും കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. അമേരിക്കയിലെ താന്പയിലുള്ള കത്തോലിക്കാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
ഈ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
എംബാം അടക്കമുള്ള കരുതൽ നടപടികൾ നടത്തിയാലും കേടുകൂടാതെ എത്തിക്കാനാകുമോ എന്ന സംശയത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. ശരീരത്തിൽ കുത്തേറ്റ് മുറിഞ്ഞതിനാലും വാഹനം കയറ്റിയിറക്കിയതിനാലും എംബാം ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇന്നു മൃതദേഹം ഏറ്റുവാങ്ങി അവിടെ പൊതുദർശനത്തിനു ശേഷം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി നാട്ടിലെത്തിക്കാനായിരുന്നു ശ്രമം.
പുതിയ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നു കൈക്കൊള്ളുമെന്നാണറിയിച്ചിട്ടുള്ളതെന്നു മെറിന്റെ പിതാവ് ജോയി പറഞ്ഞു. സഹപ്രവർത്തകരടക്കമുള്ളവർക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിനെ ഭർത്താവ് കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലേക്കു പോകാനായി ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ കുത്തിയും നിലത്തുവീണയുടൻ കാർ കയറ്റിയും കൊലപ്പെടുത്തിയെന്നാണ് ഭർത്താവായ നെവിനെതിരേയുള്ള കേസ്.