കുറവിലങ്ങാട്: പൊന്നുമകളുടെ ചേതനയറ്റ ശരീരം പോലും കാണാനാകാതെ ഉൗരാളിൽ കുടുംബം. അമേരിക്കയിൽ ഭർത്താവിനാൽ കൊലചെയ്യപ്പെട്ട മെറിന്റെ ചേതനയറ്റ ശരീരമെങ്കിലും അവസാനമായി ഒരു തവണ കാണാമെന്ന പ്രതീക്ഷയും ഉറ്റവർക്ക് ഇല്ലാതായി.
കുത്തേറ്റും വാഹനം കയറിയും തകർക്കപ്പെട്ട ശരീരം കേടുപാടുകളില്ലാതെ നാട്ടിലെത്തിക്കാനുള്ള സാധ്യത മങ്ങിയതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
മൃതദേഹം നാട്ടിലെത്തിച്ചാലും പെട്ടിതുറന്നു കാണാനുള്ള സാധ്യത വിരളമാണെന്നു ബോധ്യപ്പെടുത്തിയതോടെയാണ് മാതാപിതാക്കളടക്കമുള്ളവർ ഹൃദയം നുറുങ്ങിയാണെങ്കിലും സമ്മതം മൂളിയത്.
“”പുഞ്ചിരി തൂകി യാത്രപറഞ്ഞ ആ മുഖം; മനസിലെന്നും അതുമതി”
“പുഞ്ചിരിച്ചു കൈകൾ വീശി യാത്രപറഞ്ഞിറങ്ങിയ അവളുടെ മുഖമുണ്ട് ഞങ്ങളുടെ മനസിൽ. ആ മുഖത്തെ മായാത്ത ചിരിയുണ്ട്. അതുമതി ഞങ്ങളുടെ അവസാനശ്വാസംവരെ’’.
അകാലത്തിൽ പ്രിയപുത്രിക്ക് നിത്യയാത്ര ചൊല്ലേണ്ടിവന്ന പിതാവിന്റെ വാക്കുകളാണിത്. “പരുക്കേറ്റ അവളുടെ മുഖവും ശരീരവും, അതു ഞങ്ങൾക്ക് ചിന്തിക്കാനാവില്ല’’.
ജനുവരി 29ന് നെടുന്പാശേരി എയർപോർട്ടിലെത്തി അമേരിക്കയിലേക്കു യാത്ര തിരിച്ചപ്പോൾ പുഞ്ചിരി സമ്മാനിച്ച മെറിന്റെ മുഖമാണ് ഇപ്പോഴും ജോയിയുടെയും ഭാര്യയുടെയും ഏക സഹോദരി മീരയുടെയും മനസിൽ.
സദാ പുഞ്ചിരിതൂകുന്ന മുഖമായിരുന്നു അവളുടേത്. ആ മുഖത്തിന് മങ്ങലേറ്റെന്നു ചിന്തിക്കാൻ പോലും എങ്ങനെ തങ്ങൾക്ക് കഴിയുമെന്നാണ് അവരുടെ ഗദ്ഗതം. അതിനുത്തരം നൽകാൻ ഉൗരാളിൽ വീട്ടിലെത്തുന്നവർക്കാർക്കും കഴിയുന്നില്ല.
മൃതദേഹംപോലും എത്തിക്കാനാകാത്ത ക്രൂരത
മെറിന്റെ ശരീരത്തോട് നെവിൽ കാണിച്ച ക്രൂരതയാണ് മൃതദേഹംപോലും പ്രിയപ്പെട്ടവർക്ക് കാണാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലെത്തിയ മെറിനെ ഭർത്താവ് നെവിൻ കുത്തിയത് 17 തവണയെന്നാണ് ആദ്യ ദിവസങ്ങളിൽ പുറത്തുവന്ന വിവരം.
കുത്തുകളുടെ എണ്ണം ഇരുപതിനും മുകളിലാണെന്നാണ് ബന്ധുക്കൾ ഇപ്പോൾ പറയുന്നത്. പാർക്കിംഗ് സ്ഥലത്തെത്തി വാഹനത്തിൽ കയറിയിരുന്ന മെറിനെ സീറ്റിൽനിന്നു വലിച്ച് താഴെയിട്ടാണ് നെവിൻ പലകുറി കുത്തിയത്. രക്ഷപ്പെടാതിരിക്കാൻ നെവിന്റെ വാഹനം മെറിന്റെ വാഹനത്തിനു മുന്നിലിട്ടിരുന്നു.
കുത്തേറ്റ് വീണിട്ടും മെറിനെ വിടാതിരുന്ന നെവിൻ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയാണ് സ്ഥലം വിട്ടത്. ഇങ്ങനെ ശരീരത്തിനു മാരക ക്ഷതം സംഭവിച്ചതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാൻപോലും കഴിയാത്തതെന്നാണ് വിലയിരുത്തൽ.
ഒരു വരവും പോക്കും: തിരിച്ചുവരവില്ലാതെ യാത്ര
മെറിൻ വിദേശത്ത് ജോലി ചെയ്തശേഷം മടങ്ങി മോനിപ്പള്ളിയിലെ വീട്ടിലെത്തിയത് ഒരു തവണ മാത്രം. രണ്ടാം യാത്ര അന്ത്യയാത്രയെന്ന് ആരും കരുതിയില്ല. ഭർത്താവ് മരണവുമായി പിന്നാലെയെത്തുമെന്നാരും സ്വപ്നത്തിൽപ്പോലും നിനച്ചതുമില്ല.
ആദ്യ മടങ്ങിവരവിൽതന്നെ അസ്വാരസ്യങ്ങൾ ഉയർന്നതിനാൽ മെറിൻ തനിയെയാണ് മടങ്ങിയത്. ജോലിയും താമസവും നെവിനൊപ്പമല്ലായിരുന്നു. മാറി നിന്നിട്ടുപോലും ഈ ക്രൂരത എന്തിനെന്ന ചോദ്യം ഇനിയും ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു.