കുറവിലങ്ങാട്: ഒരു നോക്കുകാണാനാവാതെ ഭൂഖണ്ഡങ്ങൾക്കപ്പുറം ഇന്നു രാത്രി 11.30ന് മെറിന്റെ ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങുന്പോൾ മോനിപ്പള്ളിയിൽ ഉറ്റവരും ഉടയവരുമായവർ പ്രാർഥനയോടെ ഒരുമിക്കും.
അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മോനിപ്പള്ളി ഉൗരാളിൽ മെറിൻ ജോയി(28)യുടെ സംസ്കാരം ഇന്ന് അമേരിക്കയിലെ താംപയിലെ തിരുഹൃദയ ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.
അമേരിക്കൻ സമയം രാവിലെ 10 മുതൽ പൊതു ദർശനവും 11 മുതൽ സംസ്കാര ശുശ്രൂഷകളും ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് സംസ്കാര ശുശ്രൂഷകൾ.
അമേരിക്കയിൽ ഉച്ചകഴിഞ്ഞ് രണ്ടിനു(ഇന്ത്യൻ സമയം -രാത്രി 11.30) ഹിൽസ്ബൊറോ മെമ്മോറിയൽ സെമിത്തേരിയിലാണ് സംസ്കാരം. അന്തിമോപചാര ചടങ്ങുകളിൽ മോനിപ്പള്ളി ഉൗരാളിൽ വീട്ടിലിരുന്ന് മാതാപിതാക്കളും സഹോദരിയും ബന്ധുമിത്രാതികളും ഓണ്‍ലൈനായി പങ്കുചേരും.
ഇതൊന്നുമറിയാതെ മെറിന്റെ മകൾ രണ്ടുവയസുള്ള നോറ എല്ലാവർക്കുമൊപ്പമുണ്ടാകും. ഇന്നു വൈകുന്നേരം അഞ്ചിന് മോനിപ്പള്ളി തിരുഹൃദയപ്പള്ളിയിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷകളും നടത്തും.
ജൂലൈ 28നാണ് ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പാർക്കിംഗ് ഏരിയയിൽ എത്തിയ മെറിനെ ഭർത്താവ് നെവിൻ കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്നാണ് ശുശ്രൂഷകൾ ഓണ്‍ലൈനായി മോനിപ്പള്ളിയിലെ വീട്ടിൽ കാണാനുള്ള സൗകര്യം ഒരുക്കി അമേരിക്കയിൽ തന്നെ സംസ്കരിക്കാനുള്ള തീരുമാനമായത്.
മൃതദേഹം തിങ്കളാഴ്ച അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങി പൊതുദർശനത്തിന് അവസരം വെച്ചിരുന്നു. മെറിന്റെ ബന്ധുക്കളും സഹപ്രവർത്തകരും ആശുപത്രി അധികൃതരും ഇന്ത്യൻ മലയാളി നഴ്സ് അസോസിയേഷൻ അംഗങ്ങളും അന്തിമോപചാരമർപ്പിച്ചു.
പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിൽ ഫാ. ബിൻസ് ചേത്തലിൽ മുഖ്യകാർമികത്വം വഹിച്ചു. ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷകൾക്ക് ഫാ. ജോസ് ആദോപ്പള്ളിൽ കാർമികത്വം വഹിക്കും. മോനിപ്പള്ളി ഉൗരാളിൽ വീട്ടിൽ മരങ്ങാട്ടിൽ ജോയി, മേഴ്സി ദന്പതികളുടെ മകളാണ് മെറിൻ.