കുറവിലങ്ങാട്: ചൊവ്വാഴ്ച കൊല്ലപ്പെടുന്നതിനു മണിക്കൂറുകൾക്കു മുന്പ് മെറിൻ മോനിപ്പള്ളിയിലെ വീട്ടിലേക്ക് വിളിച്ചു. ഡ്യൂട്ടി കഴിഞ്ഞിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു വിളി.
നല്ല ഉറക്ക ക്ഷീണമുള്ളതിനാൽ ഇനി വിളിക്കില്ലെന്നു പറഞ്ഞാണ് മെറിൻ ഫോണ് സംഭാഷണം അവസാനിപ്പിച്ചതെന്നു സഹോദരി മീര പറയുന്നു.
ഡ്യൂട്ടിക്കിടയിൽ ക്ഷീണം തോന്നുന്പോഴോ ഉറക്കം വരുന്പോഴോ മെറിൻ വീട്ടിലേക്കു വിളിക്കും. രണ്ടുവയസുകാരി മകൾ നോറയെ വീഡിയോ കോളിൽ കണ്ടാൽ ക്ഷീണം മാറുമെന്നാണ് മെറിൻ പറയാറുള്ളത്.
ഡ്യൂട്ടിയുണ്ടെങ്കിലും ദിവസം ഒരു തവണ ഉറപ്പായും വിളിക്കും. മറ്റു ദിവസങ്ങളിൽ രണ്ടുതവണ വിളി ഉറപ്പാണ്. സാധാരണ ആശുപത്രിയിൽനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ 10 മിനിറ്റ് വിളിക്കുന്ന പതിവുണ്ട്.
കൊല്ലപ്പെട്ട ദിവസം ഇനി വിളിക്കില്ലെന്നു മെറിൻ നേരത്തെ പറഞ്ഞതിനാൽ ആ വിളി ആരും പ്രതീക്ഷിച്ചില്ല. മെറിൻ പറഞ്ഞ ഉറക്കം ഇനി ഒരിക്കലും ഉണരാത്തതാണെന്നും ആരും കരുതിയിരുന്നില്ല.
കഠാരയുമായി കാത്തിരുന്ന ഭർത്താവ് നെവിൻ മെറിനെ പറഞ്ഞയച്ചത് ഒരിക്കലും ഉണരാൻ കഴിയാത്ത ഉറക്കത്തിലേക്കായിരുന്നു.