ക്വലാലംപുർ: മലയാളി യുവതിയുടെ മൃതദേഹം നാലു മാസമായി മലേഷ്യൻ ആശുപത്രിയിലെ മോർച്ചറിയിൽ. തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെർലിൻ റൂബി (37)യുടെ മൃതദേഹമാണ് തിരിച്ചറിയാതെ ആശുപത്രിയിൽ സൂക്ഷിച്ചത്.
നാലു മാസം മുൻപ് സുബാംഗ് ജയയിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തിൽനിന്നു വീണാണ് യുവതി മരിച്ചത്. മരണമടഞ്ഞ യുവതിയുടെ പക്കൽനിന്ന് പ്രാഥമിക പരിശോധനയിൽ പാസ്പോർട്ടോ മറ്റു തിരിച്ചറിയൽ രേഖകളോ ലഭിച്ചില്ല. ഇതേതുടർന്ന് നാലുമാസമായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.
ഇതിനുശേഷം മലേഷ്യൻ പോലീസിന്േറയും ഇന്ത്യൻ ഹൈകമ്മിഷന്േറയും കേരള പോലീസിന്േറയും സഹകരണത്തോടുകൂടി പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത നൽകിയതിന്റെ ഫലമായി യുവതിയുടെ പാസ്പോർട്ട് കണ്ടെടുത്തു. ഇതിനെ തുടർന്നാണ് മൃതദേഹം തിരിച്ചറിയാൻ സഹായകരമായത്. മരണ വിവരം യുവതിയുടെ നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മലേഷ്യയിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
മലേഷ്യൻ പോലീസുമായി സഹകരിച്ചു നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനു അസോസിയേഷൻ വൈസ് പ്രസിഡന്റ് മുജീബ് റഹമാൻ, ഭാരവാഹികളായ അജി, റെജി, അക്ബർ, അയൂബ്, ബാദുഷ, റാഫി എന്നിവർ നേതൃത്വം നൽകി.