ചെറുതോണി: കാൻസർ ബാധിച്ച് ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി കാൻസർ രോഗിയായ മെർലിനുണ്ട്. കാൽനൂറ്റാണ്ടായി രക്താർബുദത്തോടു സന്ധിയില്ലാസമരംചെയ്യുന്ന ഇടുക്കി മേരികുളം സ്വദേശി മെർലിൻ തോമസാണ് കാൻസർ ബാധിതരായ നിരവധിപേർക്ക് ആശ്വാസത്തിന്റെ ദൂതുമായി എത്തുന്നത്. ഇവരുടെ മകൻ അലനും പത്തുവർഷമായി കാൻസർ ബാധിതനാണ്.
കാൻസർ ബാധിതരെ സഹായിക്കാൻ തീരുമാനിച്ചതിനുപിന്നിൽ ഇവരുടെ തീക്ഷ്ണമായ ജീവിതാനുഭവം തന്നെയാണ്. വിധി എന്നും തന്നോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് മെർലിൻ പറയുന്നു.
“എനിക്കുപിന്നാലെ മകനും കാൻസർ രോഗത്തിന് അടിമയാണെന്നറിഞ്ഞ് ആശുപത്രിയിൽനിന്നും മടങ്ങിവരുംവഴി വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. ഇതോടെ ഞാൻ തകർന്നുപോയെന്നുറച്ചു. എന്നാൽ തോറ്റുകൊടുക്കാൻ മനസില്ലാതെ രോഗത്തോട് പൊരുതാൻതന്നെ തീരുമാനിച്ച് രംഗത്തിറങ്ങുകയായിരുന്നു’.
കാൻസർ ബാധിതയായി വിധിയോടു പൊരുതുന്ന മെർലിന്റെ കഥകേട്ട് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സ് അന്ത്രയോസ്, ലൂർദ്മാത പള്ളി വികാരിയായിരുന്ന ഫാ. ജോണ് വി. തടത്തിൽ എന്നിവർ ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിച്ചു. അവരുടെ പ്രോത്സാഹനം പാവപ്പെട്ട കാൻസർ രോഗികൾക്ക് ചികിത്സക്കുവേണ്ട സഹായങ്ങൾ ചെയ്യാൻ പ്രചോദനമായി.
ഇതിനിടെ മകന്റെ രോഗം മൂർഛിച്ചു. മകനെ വിദഗ്ധ ചികിത്സക്കായി വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ സുഹൃത്തിന്റെ പിതാവ് അഡ്വ. മുഹമ്മദ് സലിം ചികിത്സയ്ക്കാവശ്യമായ പണം നൽകി സഹായിച്ചു.
മകന്റെ ചികിത്സകഴിഞ്ഞ് മടങ്ങിവന്ന മെർലിൻ പിന്നീട് തന്റെ ജീവിതം ഇതേരോഗം ബാധിച്ചവർക്കായി മാറ്റിവയ്ക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആദ്യം ചെയ്തത് ജ്യോതിസ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു.
പതിനാറാംവയസിൽ കാൻസർ രോഗമാണെന്നറിഞ്ഞതുമുതൽ ആർസിസി, അമൃത, വെല്ലൂർ എന്നിവിടങ്ങളിൽ ചികിത്സയുമായി നടന്നപ്പോഴും നേരിട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കാൻസർ പ്രതിരോധപ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിക്കാൻ കാരണമായതെന്നിവർ പറയുന്നു. അന്നുമുതൽ ബോധവൽക്കരണ ക്ലാസുകളും സൗജന്യ കാൻസർ പരിശോധനാ ക്യാന്പുകളും നടത്താൻ തുടങ്ങി. ഇതിനോടകം ഇടുക്കിയിലും എറണാകുളത്തുമായി പതിനഞ്ചോളം ബോധവൽകരണ ക്ലാസുകൾ നടത്തി.
ഏറ്റവുംകൂടുതൽ കാൻസർ രോഗികളുളളത് ഇടുക്കിയിലാണ്. അതിനാൽ കട്ടപ്പന കേന്ദ്രമായ ട്രസ്റ്റിന്റെ കീഴിൽ ഓർഫനേജ് തുടങ്ങാനുളള തയാറെടുപ്പിലാണ് മെർലിൻ. കാൻസർ ആരംഭത്തിലെ കണ്ടെത്തി ചികിത്സയിലേക്ക് രോഗികളെ എത്തിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. തന്റെ ചികിത്സയും മകന്റെ ചികിത്സയും കൂടിയാകുന്പോൾ കടുത്ത സാന്പത്തിക ഞെരുക്കത്തിലാണ് ഈ വീട്ടമ്മ.
നിർധനരായ രോഗികൾ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാനോ താമസിക്കുന്നതിനോ സൗകര്യമില്ലാത്തവരായിരുന്നു. ഇവർക്കായി ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ വാടകയ് ക്ക് കെട്ടിടമെടുത്ത് എറണാകുളം ഇടപ്പളളിയിൽ തുടങ്ങിയ ജോതിസ് ഭവനിൽ ഇപ്പോൾ രോഗം ബാധിച്ച ഒന്പത് അമ്മമാർ കഴിയുന്നു. ഈ സ്നേഹത്തണലിനെ സഹായിക്കാൻ താല്പര്യമുളളവർക്കായി അവരുടെ മൊബൈൽ നന്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോണ്: 9496764124.