ഭീകരര്‍ സദാസമയവും തോക്കുചൂണ്ടി അടുത്തുണ്ടായിരുന്നു! ജീവനെക്കുറിച്ച് ആര്‍ക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല; ഐസ് ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിരിക്കാമെന്ന വെളിപ്പെടുത്തലുമായി മെറീന ജോസ്

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് താനുള്‍പ്പെടെയുള്ള നഴ്‌സുമാരുടെ രക്ഷാദൗത്യത്തിന് മുന്നില്‍ നിന്ന മെറീന ജോസ്. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതിലും ഭീകരമായിരുന്നു തങ്ങള്‍ നേരിട്ട അവസ്ഥയെന്നും മെറീന ജോസ് ഒരു മാധ്യമത്തോട് മനസുതുറന്നു. ”ഭീകരര്‍ സദാസമയവും തോക്ക് ചൂണ്ടി അടുത്തുണ്ടായിരുന്നു. വെറുതെ ഞങ്ങളെ ഇറക്കി വിടുമെന്ന് വിശ്വസിക്കുന്നില്ല. എത്ര തുക തന്നാല്‍ വിടാം എന്ന് ഭീകരരുടെ ചര്‍ച്ചകളില്‍ കേട്ടിട്ടുണ്ട്. ഭീകരര്‍ക്ക് മോചനദ്രവ്യം നല്‍കിയെന്നത് ആക്ഷേപമല്ല, അങ്ങനെ തന്നെയായിരിക്കാം. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു. ആശുപത്രിയില്‍നിന്നിറങ്ങി ബസിലേക്ക് കയറാന്‍ ഒരുദിവസം ഭീകരര്‍ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, ‘ഇനി നിന്നാല്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല’. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി യെസ് പറഞ്ഞപ്പോഴാണ് 45 സഹപ്രവര്‍ത്തകരുമായി മെറീന ഭീകരരുടെ ബസില്‍ കയറിയത്. മെറീനയും കൂട്ടരും ബസില്‍ കയറിയതിന് പിന്നാലെ ഭീകരര്‍ ആശുപത്രി ബോംബിട്ട് തകര്‍ത്തു. ഒരുപകലും രാത്രിയും മുഴുവനും നിറുത്താതെ യാത്ര. അടച്ചുമൂടിക്കെട്ടിയ ബസിനുള്ളില്‍ കൊടുംചൂട്. മനസലിവുതോന്നിയ ഭീകരര്‍ രണ്ടുവട്ടം കുടിവെള്ളവും ലഘുഭക്ഷണവും വാങ്ങിത്തന്നു. കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ജീവനെക്കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പുറത്തേക്ക് ഒളിഞ്ഞുനോക്കുമ്പോള്‍ എങ്ങും തകര്‍ന്ന കെട്ടിടങ്ങളും മലനിരകളും മാത്രം. ആ യാത്രയില്‍ ദൈവം ഞങ്ങള്‍ക്ക് തുണയായി.

അമ്മ മരിച്ചുപോയെന്നാണ് എന്റെ രണ്ടുമക്കളും കരുതിയത്. ഖത്തറിലായിരുന്ന ഭര്‍ത്താവും നാട്ടിലെ മാതാപിതാക്കളുമെല്ലാം കൂട്ടപ്രാര്‍ത്ഥനയിലായി. മൊസൂളിലെ കോട്ടപോലുള്ള കേന്ദ്രത്തിലേക്കാണ് ഭീകരര്‍ ഞങ്ങളെ കൊണ്ടുപോയത്. ഒരു രാത്രി മൊസൂളിലെ താവളത്തില്‍ കഴിഞ്ഞു. ആ രാത്രിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായകമായ ഇടപെടലുകളുണ്ടായത്. പിറ്റേന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങളെ കൈമാറി. എര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശേരിക്കുള്ള വിമാനത്തില്‍ കയറിയശേഷമാണ് എല്ലാവര്‍ക്കും ശ്വാസംവീണത്’. ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത ആ രംഗം മെറീന ഓര്‍ത്തെടുക്കുന്നു. മെറീന ജോസും സഹപ്രവര്‍ത്തകരും ഇറാഖ് തീവ്രവാദികളില്‍ നിന്ന് നേരിട്ടതും അവരുടെ അവിടെ നിന്നുള്ള രക്ഷപെടലുമാണ് മഹേഷ് നാരായണന്‍ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്.

 

 

Related posts