നെല്ലായി: അരുമകളായി വളർത്തിയിരുന്ന ഏഴ് ആടുകളിൽ മൂന്നെണ്ണം ചത്തതോടെ മേരിചേച്ചിയുടെ ഉപജീവനം പ്രതിസന്ധിയിലായി. ആടുകളേയും കോഴികളേയും വളർത്തി ഉപജീവനം നടത്തിവരുന്ന കൊളത്തൂർ മുത്തിപീടിക ആഗസ്തിയുടെ ഭാര്യ മേരിയാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിൽ മൂന്നെണ്ണം ചത്തുപോയതോടെ ദുരിതത്തിലായത്.
ഭർത്താവ് ആഗസ്തി രോഗബാധിതനായി കിടപ്പിലായതിനാൽ കോഴികളേയും ആടുകളേയും വളർത്തി പാലും മുട്ടയും വിറ്റ് കിട്ടുന്ന തുകകൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടുന്നത്.
ഒരു മാസം മുന്പാണ് അജ്ഞാതരോഗം ബാധിച്ച് ആടുകളിലൊന്ന് ചത്തത്. മൂന്നു ദിവസം മുന്പ് മറ്റൊരാടു കൂടി ചത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് മൂന്നാമത്തെ ആട് ചത്തത്.
ഇന്നലെ മൃഗഡോക്ടർ സ്ഥലത്തെത്തി ചത്ത ആടിനെ പരിശോധിച്ചു. അണുബാധയാണ് ആടുകൾ ചാവാൻ കാരണമായതെന്ന് ഡോക്ടർ പറഞ്ഞതായി മേരി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചത്ത ആടുകൾ കറവ ഉള്ളതായിരുന്നു.
അവശേഷിക്കുന്ന ആടുകൾക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തിയെങ്കിലും മേരിയുടെ ഉള്ളിലെ ആധി ഒഴിഞ്ഞിട്ടില്ല. 2018ലെ പ്രളയത്തിൽ കുറുമാലിപുഴയിൽ നിന്നുള്ള വെള്ളം കൊളത്തൂർ പ്രദേശത്തുകൂടി കുത്തിയൊഴുകിയതിനെ തുടർന്ന് ഇവരുടെ വീട് പൂർണമായും മുങ്ങിപോയിരുന്നു.
ഒന്പത് ആടുകളേയും അറുപതു കോഴികളേയും അന്ന് പ്രളയം കവർന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചത്തുപോയ മൂന്നാടുകൾക്ക് അർഹമായ നഷ്ടപരിഹാരം അധികൃതരിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വയോധികയായ മേരി.