ന്യൂഡൽഹി: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രമായി ഇന്ത്യയുടെ ഇതിഹാസതാരം മേരി കോം. 48 കിലോഗ്രാം വിഭാഗത്തിൽ മേരി കോം സ്വർണം ഇടിച്ചിട്ടു. ഫൈനലിൽ ഉക്രെയിൻ താരം ഹന്ന ഒഖോട്ടയെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കാണ് മേരി ഇടിച്ചിട്ടത്. സ്കോർ: 5-0.
സ്വർണ നേട്ടത്തോടെ മേരി ഇടിക്കൂട്ടിൽ പുത്തൻ ചരിത്രവും എഴുതിച്ചേർത്തു. ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ സ്വർണം വാരിയ താരമെന്ന റിക്കാർഡാണ് മുപ്പത്തിയഞ്ചുകാരി സ്വന്തമാക്കിയത്. മൂന്നു മക്കളുടെ അമ്മ കൂടിയായ മേരി 48 കിലോഗ്രാം വിഭാഗത്തിൽ തന്റെ ആറാം സ്വർണമാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ ആറ് ലോക ചാമ്പ്യൻഷിപ്പ് സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്റെ റിക്കോർഡിന് ഒപ്പവും മേരി എത്തി. ഏഴാം തവണയാണ് മേരി ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിച്ചത്.