തിരുവനന്തപുരം: രണ്ടു വയസുകാരിയെ പൊന്തക്കാട്ടിലെ ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം കാത്ത് പോലീസ്.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മറ്റ് രേഖകളും ആവശ്യപ്പെട്ടിട്ടും മാതാപിതാക്കൾ പോലീസിന് നൽകാൻ തയാറായില്ല. തിരുവനന്തപുരത്തുനിന്നു നാട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ച സാഹചര്യത്തിലാണ് കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്.
കഴിഞ്ഞദിവസം ടെസ്റ്റിനായി രക്തസാന്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. വൈകാതെ ഫലം ലഭിക്കും. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഉറങ്ങിക്കിടന്ന സ്ഥലത്തുനിന്നു കുട്ടി എങ്ങനെ പൊന്തക്കാടിന് സമീപത്തെ ഓടയിലെത്തിയെന്ന് ഇതുവരെ പോലീസിനും കണ്ടെത്താനായിട്ടില്ല.
ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കുകയോ കുട്ടി തനിയെ നടന്ന് പോയതോ ആകാമെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.