തിരുവനന്തപുരം: നാടോടി കുടുംബത്തിലെ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെക്കുറിച്ച് നിർണായക വിവരം ലഭിക്കാതെ അന്വേഷണ സംഘം. അതേസമയം കുട്ടിയുടെ ബന്ധുക്കൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കുട്ടിയെ കണ്ടെത്തിയതിനാൽ സ്വന്തം നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കൾ. എന്നാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ തിരുവനന്തപുരം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം നിർദേശം നൽകിയിരിക്കുകയാണ്.കുട്ടിയെയും മാതാവിനെയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായ സ്ഥലത്തെയും കുട്ടിയെ കണ്ടെത്തിയ പ്രദേശത്തെയും നിരവധി സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രതികളിലേക്കെത്താൻ സഹായിക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ചാക്കയ്ക്ക് സമീപത്ത് നിന്നും ബീഹാർ സ്വദേശികളായ ദന്പതികളുടെ രണ്ട് വയസുകാരിയെ കാണാതായത്.
പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെ കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിനോട് ചേർന്നുള്ള ഓടയിൽ നിന്നും കുട്ടിയെ ക്ഷീണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസം ചൈൾഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.