ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബോക്സിംഗ് സൂപ്പർ താരമായ മേരികോം ചരിത്ര സ്വർണം ലക്ഷ്യമിട്ട് ലോക ചാന്പ്യൻഷിപ്പിന്. ഇന്ത്യൻ താരം ലക്ഷ്യമിടുന്നത് ആറാം ലോക കിരീടത്തിനായാണ്. ഇന്നു മുതലാണ് എഐബിഎ വനിതാ ലോക ചാന്പ്യൻഷിപ്പ് ബോക്സിംഗ്. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പോരാട്ടവേദിയാണ് ഇത്തവണത്തേത്. 73 രാജ്യങ്ങളിൽനിന്നായി 333 താരങ്ങൾ പത്താം എഡിഷൻ പോരാട്ടത്തിനെത്തും.
ചാന്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് പത്ത് അംഗങ്ങൾ ഇറങ്ങും. മുപ്പത്തഞ്ചുകാരിയായ മേരികോമിനെയാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് തവണ മേരികോം ലോക ബോക്സിംഗ് ചാന്പ്യൻ ആയി. 45, 46, 48 കിലോഗ്രാം വിഭാഗങ്ങളിലായാണിത്. ആറാം കിരീടമണിഞ്ഞ് ചരിത്രം കുറിക്കാനാണ് മേരികോം ഇറങ്ങുക.
അയർലൻഡിന്റെ കാത്തീ ടെയ്ലറും അഞ്ച് തവണ ലോക ചാന്പ്യൻഷിപ്പിൽ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ഇന്ത്യയുടെ സരിത ദേവി 60 കിലോഗ്രാം വിഭാഗത്തിൽ പോരാട്ടത്തിനിറങ്ങുന്നു. രണ്ടാം കിരീടമാണ് സരിതയുടെ ലക്ഷ്യം. പിങ്കി ജാൻഗ്ര (51 കിലോഗ്രാം), മനിഷ മൗന (54 കിലോഗ്രാം), സോണിയ (57 കിലോഗ്രാം), സിമ്രൻജിത് കൗർ (64 കിലോഗ്രാം), ലോവ്ലിന (69 കിലോഗ്രാം), സാവിതി ബോറ (75 കിലോഗ്രാം), ഭാഗ്യബതി കച്ചാരി (81 കിലോഗ്രാം), സീമ പൂനിയ (+81 കിലോഗ്രാം) എന്നിവരും ഇന്ത്യക്കായി കളത്തിലിറങ്ങും.